ജി.എസ്.ടി നഷ്‌ടപരിഹാരം: രേഖകൾ ഹാജരാക്കിയില്ല എന്ന് കേന്ദ്രം; ഹാജരാക്കി എന്ന് കേരളം

single-img
14 February 2023

ജിഎസ്ടി നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനായി കേരളം കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുന്നില്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലസീതാരാമന്റെ പ്രസ്താവനയ്‌ക്കെതിരെ ബാലഗോപാല്‍ രംഗത്തെത്തി. കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുമുണ്ടെന്നും കേന്ദ്രവുമായുള്ള കത്തിടപാടുകള്‍ അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ടെന്നും ആയിരുന്നു ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

2017 മുതല്‍ കേരളം എജി സാക്ഷ്യപ്പെടുത്തിയ രേഖ സമര്‍പ്പിക്കാറില്ല എന്നായിരുന്നു ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മലസീതാരാമൻ ഇന്നലെ പാർലമെന്റിൽ പറഞ്ഞത്. മാത്രമല്ല തമിഴ്നാട് 2017 മുതൽ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സാക്ഷ്യപത്രം സഹിതം സമർപ്പിച്ചതിനാൽ അവർക്കു കൂടുതൽ തുക ലഭിച്ചു എന്നുമായിരുന്നു ആർ.എസ്.പി അംഗം എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി നിർമല സീതാരാമൻ പറഞ്ഞത്.

എന്നാൽ ഇതിനെതിരെയും എൻ.കെ.പ്രേമചന്ദ്രനെതിരെയും രൂക്ഷ ഭാഷയിലാണ് ബാലഗോപാല്‍ പ്രതികരിച്ചത്. തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് പ്രേമചന്ദ്രൻ ശ്രമിക്കുന്നത് എന്നും, സംസ്ഥനത്തിന് കിട്ടാനുള്ള ജി എസ് ടി കുടിശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല എന്നും ബാലഗോപാല്‍ പറഞ്ഞു. മാത്രമല്ല കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജി എസ് ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.