വിവാദ ചലച്ചിത്രമായ കേരള സ്‌റ്റോറിക്കും കക്കുകളി നാടകത്തിനുമെതിരെ കെ മുരളീധരന്‍ എംപി

single-img
1 May 2023

വിവാദ ചലച്ചിത്രമായ കേരള സ്‌റ്റോറിക്കും കക്കുകളി നാടകത്തിനുമെതിരെ കെ മുരളീധരന്‍ എംപി.

കേരള സ്റ്റോറി സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുത്. കക്കുകളി നാടകവും നിരോധിക്കണം. ഒരു മതവിഭാഗത്തേയും അധിക്ഷേപിക്കരുതെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരള സ്റ്റോറിയില്‍ ഇല്ലാത്ത മതംമാറ്റം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. കക്കുകളി നാടകത്തില്‍ ഞങ്ങളെ അപമാനിക്കുകയാണെന്ന് ബിഷപ്പുമാര്‍ ഉള്‍പ്പെടെ പറയുന്നു. മുമ്ബ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിച്ചിരുന്നു.

അന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പറ‍ഞ്ഞത് അത് ആവിഷ്കാര സ്വതന്ത്ര്യമെന്നാണ്. മതങ്ങളെ അധിക്ഷേപിക്കല്‍ അല്ല ആവിഷ്കാര സ്വതന്ത്ര്യം. കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാനം പറഞ്ഞാല്‍ പിന്നെ, കേന്ദ്രത്തിന് ഒന്നും ചെയ്യാനാകില്ല.

വര്‍ഗീയത തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പം യുഡിഎഫ് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിനുള്ളില്‍ സുഡാന് സമാനമായ അവസ്ഥയാണ്. പിണറായി ഗ്രൂപ്പും പിണറായി വിരുദ്ധ ഗ്രൂപ്പുമാണ് സിപിഎമ്മിനുള്ളില്‍ ഉള്ളതെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനേയും കെ മുരളീധരന്‍ വിമര്‍ശിച്ചു. ഒഞ്ചിയത്ത് ചീറി വന്ന പുലിയെപ്പോലെ പ്രത്യക്ഷപ്പെട്ട പിണറായി വിജയന്‍, പക്ഷെ നരേന്ദ്രമോദിക്ക് മുന്നില്‍ പൂച്ചക്കുട്ടിയായിരുന്നുവെന്നായിരുന്നു മുരളീധരന്റെ പരിഹാസം.

മോദിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞതെന്താണ്. നമ്മള്‍ രണ്ടുപേരും കൂടെ ചേര്‍ന്നാല്‍ ഇവിടെ അത്ഭുതം സൃഷ്ടിക്കാമെന്നാണ്. കേരളത്തിന്റെ നിരന്തരമായ ആവശ്യമായ എയിംസിനെക്കുറിച്ച്‌ മുഖ്യമന്ത്രി ഒരു വാചകം പോലും പറഞ്ഞില്ല. പ്രധാനമന്ത്രിയുമായി നേരിട്ടു സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ ഒരു ഡിമാന്റും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിട്ടില്ല. മോദിക്ക് മുന്നില്‍ നല്ല പിള്ള ചമയുകയാണ് ചെയ്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.