ബിടിഎസിലെ ആദ്യത്തെ സോളോ സോങ്ങുമായി ജിന്‍

single-img
30 October 2022

യുവാക്കളില്‍ ആവേശമായി മാറിയ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ഏഴു യുവാക്കള്‍ ഒന്നിച്ചുള്ള ബാന്‍ഡിന് ലോകത്താകമാനം കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്.

എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. സ്വതന്ത്ര്യ സൃഷ്ടികള്‍ക്ക് പ്രധാന്യം കൊടുക്കാനായിരുന്നു ഈ വേര്‍പിരിയല്‍. ഇപ്പോള്‍ ബിടിഎസിലെ ജിന്‍ ആദ്യത്തെ സോളോ സോങ്ങുമായി എത്തിയിരിക്കുകയാണ്. ദി ആസ്ട്രോനോട്ട് എന്നു പേരു നല്‍കിയിരിക്കുന്ന ഗാനം ഒറ്റ ദിവസം കൊണ്ട് ഏഴു ലക്ഷത്തില്‍ അധികം കോപ്പികളാണ് വിറ്റുപോയത്.

ഗാനം പുറത്തിറങ്ങി അടുത്ത ദിവസം 7,00,754 കോപ്പികളാണ് വിറ്റുപോയതെന്ന് ജിന്നിന്റെ ഏജന്‍സിയായ ബിഗ് ഹിറ്റ് മ്യൂസിക് വ്യക്തമാക്കി. സിംഗിള്‍ ട്രാക്ക് ആല്‍ബത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച വില്‍പ്പനയാണിത്. യുഎസ് ബ്രിട്ടന്‍, ജര്‍മനി ഉള്‍പ്പടെയുള്ള 97 രാജ്യങ്ങളിലും ആസ്ട്രോനോട്ട് ടോപ് സോങ്ങ്‌സില്‍ ഒന്നാമതാണ്.

അപ്രതീക്ഷിതമായി ഭൂമിയിലേക്ക് ഇറങ്ങുന്ന ബഹിരാകാശ യാത്രികനെക്കുറിച്ചുള്ളതാണ് ഗാനം. പോപ്പ് റോക്ക് വിഭാഗത്തില്‍പ്പെടുന്ന പാട്ട് യൂട്യൂബിലും ട്രെന്‍ഡിങ്ങാണ്. 17 മില്യണ്‍ പേരാണ് ഇതിനോടകം പാട്ട് കണ്ടത്.