പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂ അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും ജെയ്ക് സി തോമസ്

single-img
12 August 2023

കോട്ടയം: പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂവെന്ന് നിയുക്ത എല്‍ഡിഎഫ് ജെയ്ക് സി തോമസ്. അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും ജെയ്ക് സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലേത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികണം.

പുതുപ്പള്ളിയിൽ മത്സരക്കളം തെളിയുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയത്. രാഷ്ട്രീയ പാർട്ടികളുമായി ആലോചിക്കാതെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം കോണ്‍ഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 5ന് വോട്ടെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന.  21ന് പത്രികകള്‍ പിൻവലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.