പ്രതിപക്ഷം കള്ളക്കഥകളും വർഗീയതയും ഉപയോഗിച്ച് വോട്ട് ബാങ്ക് വികസിപ്പിച്ചത് തിരിച്ചറിയാൻ വൈകി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിക്ക് പ്രധാന കാരണം മുന്നണിക്കുണ്ടായ അമിതമായ ആത്മവിശ്വാസമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. സർക്കാർ നേട്ടങ്ങളും ഭരണമികവും മാത്രം മുൻനിർത്തി അനായാസം ജയിക്കാമെന്ന കണക്കുകൂട്ടൽ പിഴച്ചുവെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും നടത്തിയ വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചതായും, പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും ഒക്ടോബർ 29-ലെ മന്ത്രിസഭാ തീരുമാനങ്ങളും ജനങ്ങളിൽ നല്ല മതിപ്പ് ഉണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജയ പ്രതീക്ഷ ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ അമിത ആത്മവിശ്വാസം മൂലം പ്രാദേശിക വിഷയങ്ങളെയും പ്രതിപക്ഷത്തിന്റെ നീക്കങ്ങളെയും വേണ്ടത്ര ഗൗരവത്തോടെ കാണുന്നതിൽ വീഴ്ച സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് നഗരമേഖലകളിൽ, സംഘടനാപരമായ ദൗർബല്യങ്ങളും പ്രാദേശികതല പ്രവർത്തനങ്ങളിലെ കുറവുകളും തിരിച്ചടിക്ക് കാരണമായിട്ടുണ്ട്.
വികസന നേട്ടങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് കരുതിയപ്പോൾ, പ്രതിപക്ഷം കള്ളപ്രചാരണങ്ങളും വർഗീയതയും ഉപയോഗിച്ച് വോട്ട് ബാങ്ക് വിപുലപ്പെടുത്തിയത് തിരിച്ചറിയാൻ വൈകിയെന്നും, മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങൾ പരാജയത്തിന് ആക്കംകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. പരാജയഭീതിയിൽ തളരാതെ, സംഭവിച്ച വീഴ്ചകൾ ശരിയായ ദിശാബോധത്തോടെ തിരുത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാനാണ് പാർട്ടിയുടെ തീരുമാനമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.


