കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മോശമാണെന്നത്‌ വ്യാജവാർത്ത: മന്ത്രി എം ബി രാജേഷ്‌

single-img
13 March 2023

കൊച്ചിയിലെ വായു ഡൽഹിയിലേക്കാൾ മോശമാണെന്ന്‌ കഴിഞ്ഞ ദിവസം ഒരു മാധ്യമം നൽകിയ വാർത്ത വ്യാജവാർത്തയാണെന്ന് മന്ത്രി എം ബി രാജേഷ്‌. കൊച്ചിയിലെ വായു ഏറ്റവും മോശമായത്‌ ഈ ദിവസങ്ങളിൽ ഏഴാം തീയതിയാണ്‌. അത്‌ 259 പിപിഎം ആണ്‌. അന്ന്‌ തീപിടിത്തം ഇല്ലാത്ത ഡൽഹിയിലെ എയർ ക്വാളിറ്റി 238 ആണ്‌. ഇന്ന്‌ രാവിലെ 138 ആണ്‌ കൊച്ചിയിലെ പിപിഎം. ഡൽഹിയിൽ അത്‌ 223 ആണ്‌. അപ്പോഴാണ്‌ ഡൽഹിയിൽ നിന്ന്‌ കേരളത്തിൽ എത്തിയ ചിലർ ശ്വാസം മുട്ടുന്നുവെന്ന്‌ പറയുന്നത്‌. സത്യത്തിൽ ശ്വസിക്കണമെങ്കിൽ ഇവിടെ വരണമെന്നതാണ്‌ ശരി. ചില മാധ്യമങ്ങൾ തീയില്ലാതെ പുക ഉണ്ടാക്കാൻ വിദ​ഗ്‌ദരാണെന്നും മന്ത്രി പറഞ്ഞു.

2009 ൽ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കൊച്ചി നഗരം എങ്ങനെ ഈ സ്ഥിതിയിലെത്തിയെന്ന് ആലോചിക്കണം. 2010 , 2015 വർഷങ്ങളിൽ അധികാരത്തിലെത്തിയ യുഡിഎഫ് കൗൺസിലുകളുടെ കാലത്താണ് കൊച്ചിയിലെ മാലിന്യ സംസ്‌കരണ പദ്ധതി വലിയ തോതില്‍ പിന്നാക്കം പോയത്. 2005 മുതൽ 2010 വരെ എൽ ഡി എഫ് അധികാരത്തിലിരുന്നപ്പോൾ 2008 ൽ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റ് 2010 വരെ നല്ല നിലയിലാണ് പ്രവർത്തിച്ചത്. മാലിന്യ ശേഖരണവും സംഭരണവും സംസ്കരണവും വളരെ ശാസ്ത്രീയമായാണ് അക്കാലത്ത് നടത്തിയത്. മുഴുവൻ വീടുകളിലും ബക്കറ്റ് വാങ്ങി നൽകി മാലിന്യം വേർതിരിച്ച് ശേഖരിച്ചു. എല്ലാ ഡിവിഷനിലേക്കും മാലിന്യ ശേഖരണത്തിനായി ഓട്ടോ റിക്ഷയും മുച്ചക്ര വാഹനങ്ങളും നൽകി. റൂട്ട് മാപ് തയാറാക്കിയായിരുന്നു മാലിന്യം ശേഖരിച്ചത്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക്, പേപ്പർ എന്നിവ പണം കൊടുത്ത് ശേഖരിക്കാൻ ശക്തി പേപ്പർ മിൽസുമായി കരാറുണ്ടാക്കി. മാലിന്യം കുറ്റമറ്റതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സെന്റർ ഫോർ എൻവയൺമെന്റൽ ഡെവലപ്പ്മെന്റുമായി കരാറുണ്ടാക്കി. പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലേക്ക് എത്തിക്കുകയേ ചെയ്‌തില്ല.

ജൈവ മാലിന്യത്തിൽ നിന്നുണ്ടാക്കുന്ന വളം വാങ്ങാൻ ഫാക്‌ടുമായി കരാറുണ്ടാക്കി. ഖരമാലിന്യ സംസ്‌കരണത്തിന് ആർ ഡി എക്‌സ് പ്ലാന്റുണ്ടാക്കി. വളരെ ശാസ്ത്രീയമായും കൃത്യമായും മാലിന്യ സംസ്‌കരണം നടത്തി. ഇതാണ് സീറോ വേസ്റ്റ് നഗരം എന്ന നിലയിലേക്ക് കൊച്ചിയെ ഉയർത്തിയത്. കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി തന്നെ ഈ പുരസ്‌കാരം കൊച്ചി നഗരസഭയ്ക്ക് നൽ‌കുകയും ചെയ്‌തു.

2010 ൽ യു ഡി എഫ് ഭരണസമിതി വന്നതോടെ കഥ മാറി. 2010, 2015 വർഷങ്ങളിൽ വന്ന രണ്ട് യുഡിഎഫ് കൗൺസിലുകളും മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാലാനുസൃതമായ അറ്റകുറ്റപ്പണികളും വിപുലീകരണവും നടത്തിയില്ല. ഇങ്ങനെ പ്ലാൻറ് ജീർണാവസ്ഥയിലാവുകയും പ്രവർത്തനം നിലയ്ക്കുകയും ചെയ്‌തു. ഈ പത്തുവർഷം മാലിന്യം കുന്നുകൂട്ടുകയല്ലാതെ സംസ്‌കരിക്കാനുള്ള ഒരു നടപടിയും രണ്ട് യുഡിഎഫ് കൗൺസിലുകളും എടുത്തിരുന്നില്ല. സെന്റർ ഫോർ എൻവയൺമെന്റൽ ഡെവലപ്പ്മെന്റിന് പണം നൽകാത്തതിനാൽ അവർ കരാറിൽ നിന്ന് പിന്മാറി. അതോടെ സംസ്കരണം താളം തെറ്റി.