വിജയകരം; ISRO യുടെ എൽവിഎം 3 –എം3 രാവിലെ 36 ഉപഗ്രഹങ്ങളുമായി പറന്നുയർന്നു

single-img
26 March 2023

ISRO യുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 – എം3 (എൽവിഎം 3 –എം3) വിജയകരമായി വിക്ഷേപിച്ചു. ബ്രിട്ടനിലെ വൺ വെബ് നെറ്റ്വർക്ക് ആക്സസ് അസോസിയേറ്റ്സ് വിന്യസിക്കുന്ന ഉപഗ്രഹ ശൃംഖലയിലേക്കുള്ള 36 ഉപഗ്രഹങ്ങളുമായി രാവിലെ ഒൻപതു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും പറന്നുയർന്നു.

ജി.എസ്.എൽ.വി. മാർക്ക് ത്രീ (എൽ.വി.എം.ത്രീ)റോക്കറ്റിന്റെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്. വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കഴിഞ്ഞ ഒക്ടോബർ 23ന് വിക്ഷേപിച്ചിരുന്നു.വൺവെബിന് നിലവിൽ 582 ഉപഗ്രഹങ്ങൾ ഭ്രമണപ്രഥത്തിലുണ്ട്. ഇന്നത്തെ വിക്ഷേപണത്തോടെ 618 ആകും. മൊത്തം 648 ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഖലയാണ് വൺ വെബ് വിഭാവനം ചെയ്യുന്നത്. സ്‌പേസ് എക്സ്‌പോലുള്ള വിവിധ ഏജൻസികളാണ് മറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണു വൺ വെബ് ലക്ഷ്യമിടുന്നത്. ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണു വൺ വെബുമായുള്ളത്. വിക്ഷേപണത്തറയിൽ നിന്നു പറന്നുയർന്നു 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്.