പുടിന് നേരെ വധശ്രമമോ അട്ടിമറിയോ ഉണ്ടായേക്കാം എന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ; ക്രെംലിനിൽ അസാധാരണ സുരക്ഷാ ക്രമീകരണങ്ങൾ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ക്രെംലിൻ വൻ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. പുടിന് നേരെ വധശ്രമമോ അട്ടിമറിയോ ഉണ്ടായേക്കാം എന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.പുതിയ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ക്രെംലിനിലും പരിസരത്തും അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.
പുടിനെ നേരിട്ട് കാണാൻ എത്തുന്നവരെ വിപുലമായ ബോഡി സ്ക്രീനിംഗിന് വിധേയമാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.റഷ്യയ്ക്കകത്തുനിന്നും പുറത്തുനിന്നും പുടിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ ഭരണകൂടത്തിന് ഉള്ളിൽ നിന്ന് തന്നെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ ഭയപ്പെടുന്നു.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർ പോലും കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ പുടിന്റെ അടുത്തേക്ക് എത്താവൂ എന്ന് നിർദ്ദേശമുണ്ട്.സൈന്യത്തിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രമാണ് ഇപ്പോൾ സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.
പുടിന്റെ ഓരോ ചലനവും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്.റഷ്യയുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണിത്. യുദ്ധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലഹങ്ങളും പുടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.


