എബോള; ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറല്ല: മന്ത്രി കെ മുരളീധരൻ

single-img
18 June 2026

കോട്ടയം മെഡിക്കൽ കോളേജിൽ എബോള സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ള യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. യുവതി ഐസൊലേഷൻ വാർഡിൽ കർശന നിരീക്ഷണത്തിലാണെന്നും, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ശതമാനം പോലും റിസ്ക് എടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചതായും, യുവതിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് മറ്റ് പകർച്ചവ്യാധികളും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഷിഗെല്ല, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ഇന്നലെ മാത്രം നാല് പേർ മരിച്ചു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 12,191 പേരാണ്. 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിച്ച 43-കാരൻ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.