പിഎം ശ്രീയെ അംഗീകരിക്കുന്നത് കോൺഗ്രസിൻ്റെ പൊതുനിലപാട്: പിണറായി വിജയൻ

പിഎം ശ്രീ നടപ്പാക്കുന്നതിൽ സർക്കാർ വെട്ടിലായതോടെ ആക്രമണം കടുപ്പിച്ച് എൽഡിഎഫ്. കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിൽ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. എൽഡിഎഫ് സർക്കാർ എംഒയുവിൽ ഒപ്പിട്ടത് കുടിശിക തുക കിട്ടാൻ മാത്രമാണ്, ഒരു തുടർ നടപടിയും എടുത്തില്ല. മരവിപ്പിച്ചു എന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തെന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിഎം ശ്രീയിൽ സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പിഎം ശ്രീയിൽ വലിയ വിവാദം ഉയർത്താൻ കോൺഗ്രസും ലീഗും ശ്രമിച്ചു. എൽഡിഎഫ് സർക്കാർ ബിജെപിയുമായി ഉണ്ടാക്കിയ ഡീലിൻ്റെ ഭാഗമാണ് പദ്ധതിയെന്ന് പ്രചരിപ്പിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ നടപ്പാക്കില്ലെന്നും ചിലർ അറബിക്കടലിൽ ഒഴുക്കുമെന്നും പറഞ്ഞു. എന്നാൽ, ഇപ്പോൾ സ്ഥിതി എല്ലാവരും കണ്ടുവെന്ന് പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന് മുന്നിൽ സംസ്ഥാനം കീഴടങ്ങാൻ തീരുമാനിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നതിന് യുഡിഎഫ് ഉത്തരം പറയണമെന്ന് പിണറായി വിജയൻ പറഞ്ഞു. പഴയ സർക്കാർ ഒപ്പുവച്ചതു കൊണ്ട് പിന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ന്യായീകരണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് അറിയിച്ചില്ല. പിഎം ശ്രീയെ അംഗീകരിക്കുന്നതാണ് കോൺഗ്രസിൻ്റെ പൊതു നിലപാടെന്നും പിണറായി വിജയൻ പറഞ്ഞു.


