കനേഡിയന്‍ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ

single-img
22 November 2023

രണ്ടുമാസത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. കനേഡിയന്‍ പൗരന്മാര്‍ക്ക് ചില വിഭാഗത്തിലുള്ള വിസ സേവനങ്ങള്‍ പുതുക്കാന്‍ അനുവദിച്ച തീരുമാനത്തിന് പിന്നാലെയാണിത്. ഒരു മാസത്തെ വിലക്കിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യ കൈക്കൊണ്ട തീരുമാനത്തെ ‘കനേഡിയന്‍മാര്‍ക്ക് സന്തോഷവാര്‍ത്ത’ എന്ന് വിശേഷിപ്പിച്ചാണ് ഒട്ടാവ സ്വാഗതം ചെയ്തത്.

ഇപ്പോഴുള്ള സാഹചര്യം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കുന്നു. നേരത്തെ, കാനഡയില്‍ വെച്ച് ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

അതിനു ശേഷം ഈ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇ-വിസ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള നീക്കം. ഈ വർഷം ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന ആരോപണം ട്രൂഡോ പാര്‍ലമെന്റില്‍ ഉന്നയിച്ചു.

പക്ഷെ ഇത് ഇതുവരെ തെളിയിക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ആരോപണങ്ങളെ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. കാനഡയുടെ നടപടികള്‍ക്ക് മറുപടിയായി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പുറത്താക്കല്‍, നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍ , യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രതികാര നടപടികള്‍ ഇന്ത്യ സ്വീകരിച്ചു.