ഇന്ത്യ- റഷ്യ വിസ രഹിത ടൂറിസ്റ്റ് യാത്രയ്ക്കുള്ള കരാറിനായി വ്‌ളാഡിമിർ പുടിൻ

single-img
16 September 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള വിസ രഹിത യാത്രാ കരാറിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും പുടിനും തമ്മിൽ നടത്തിയ ഉഭയകക്ഷി യോഗത്തിൽ, ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും പുരാതന സംസ്‌കാരവും പരമ്പരാഗതമായി റഷ്യയ്ക്ക് വലിയ താൽപ്പര്യമുള്ളതാണെന്ന് റഷ്യൻ പ്രസിഡന്റ് അടിവരയിട്ടു.

ഈ പശ്ചാത്തലത്തിൽ, വിസ രഹിത ടൂറിസ്റ്റ് യാത്രയ്ക്കുള്ള കരാറിനായുള്ള ചർച്ചകളുടെ പ്രക്രിയ ത്വരിതപ്പെടുത്താൻ ഞങ്ങൾ നിർദ്ദേശിക്കുന്നു എന്ന് പുടിൻ പറഞ്ഞതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് ഉദ്ധരിച്ചു.

മോസ്കോയും ന്യൂഡൽഹിയും ദശാബ്ദങ്ങളായി ഒരുമിച്ചാണെന്നും ഫെബ്രുവരിയിൽ റഷ്യൻ സൈന്യം ഉക്രൈനിനെതിരെ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ഉക്രെയ്നിൽ നിന്ന് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിച്ചതിന് പുടിനോട് നന്ദി പറയുന്നതായും പ്രധാനമന്ത്രി മോദി ചർച്ചയിൽ പറഞ്ഞു.