ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; സംഭവ വികാസങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുകയാണ്; ഡൊണാൾഡ് ട്രംപിനെതിരായ നിയമ നടപടിയിൽ പ്രതികരണവുമായി ഇന്ത്യ

single-img
6 April 2023

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ കുറ്റപത്രം ന്യൂഡൽഹിയുടെ ശ്രദ്ധയിൽപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ അടുത്ത നടപടി തീരുമാനിക്കേണ്ടത് യുഎസ് സംവിധാനങ്ങളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

“ട്രംപിനെതിരായ കുറ്റപത്രം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സംഭവ വികാസങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുകയാണ്…ഇത് അമേരിക്കയിലെ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യമാണ്” വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റാണ് 76കാരനായ ഡൊണാൾഡ് ട്രംപ്. 2006ൽ ഇരുവരും ചേർന്ന് നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു അവിഹിത ബന്ധത്തെക്കുറിച്ച് ഒരു പുസ്‌തകം എഴുതുന്നതിൽ നിന്ന് തടയാൻ മറ്റൊരാൾ മുഖേന പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 1.3 ലക്ഷം യുഎസ് ഡോളർ നൽകിയെന്ന കേസിൽ അദ്ദേഹം പ്രതിയാണ്.

വ്യാജമായി ബിസിനസ് രേഖകൾ ചമച്ചതിന് 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 2016ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ട്രംപ് ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. നിരപരാധിയാണെന്ന് ട്രംപ് വാദിച്ചതിന് പിന്നാലെ ജഡ്‌ജി ജുവാൻ മെർച്ചൻ കോടതി വാദം ഡിസംബർ 4ലേക്ക് മാറ്റി.