ക്രിക്കറ്റ് ലോകകപ്പ്: പരാജയമറിയാതെ ഇന്ത്യ സെമിയില്‍; ശ്രീലങ്കയെ തകർത്തത് 302 റണ്‍സിന്

single-img
2 November 2023

ലോകകപ്പ് ക്രിക്കറ്റ് 2023 ൽ പരാജയമറിയാതെ ഇന്ത്യ സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 302 റണ്‍സ് കൂറ്റന്‍ മാര്‍ജിനില്‍ തോൽപ്പിച്ചാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് അടിച്ചുകൂട്ടിയത്.

അതിനു ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ പോരാട്ടം 19.4 ഓവറില്‍ വെറും 55 റണ്‍സില്‍ അവസനിച്ചു. അഞ്ച് ഓവറുകളിൽ ഒരു മെയ്ഡനടക്കം 18 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് ലങ്കയെ തകര്‍ത്തത്.

ഏഴോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളുമായി മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരും മികച്ച പിന്തുണ നല്‍കി. ഇന്നത്തെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന റെക്കോഡും ഷമി സ്വന്തമാക്കി. 45 വിക്കറ്റുകളാണ് ഷമിയുടെ പേരിലുള്ളത്.

44 വിക്കറ്റുകളുണ്ടായിരുന്ന സഹീര്‍ ഖാന്റെയും ജവഗല്‍ ശ്രീനാഥിന്റെയും റെക്കോഡാണ് ഷമി ഇന്ന് തകര്‍ത്തത്. അതേസമയം, ശ്രീലങ്കന്‍ നിരയില്‍ 14 റണ്‍സ് നേടിയ വാലറ്റക്കാരന്‍ കസുന്‍ രജിതയാണ് ടോപ് സ്‌കോറര്‍. ഏയ്ഞ്ചലോ മാത്യൂസ്(12), മഹീഷ് തീക്ഷ്ണ(12) എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് ലങ്കന്‍ ബാറ്റര്‍മാര്‍. അഞ്ച് ലങ്കന്‍ താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും ഇന്ത്യക്കായി. കളിച്ച ഏഴു മത്സരങ്ങളില്‍ ഏഴും ജയിച്ചാണ് ഇന്ത്യ ഒന്നാമതുള്ളത്.