വയനാട്ടിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; കർഷകനെ ആക്രമിച്ച കടുവയാണോ എന്ന് ഉറപ്പില്ല

single-img
14 January 2023

സംസ്ഥാനത്തെ വയനാട് ജില്ലയിലെ കുപ്പാടിത്തറ നടമ്മൽ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വാഴത്തോട്ടത്തിൽ മയങ്ങിവീണപ്പോൾ വലയിലാക്കിയ കടുവയെ പ്രദേശത്ത് നിന്ന് മാറ്റി. കടുവയെ കീഴ്‌പ്പെടുത്താനായി ആറുതവണ വെടിവെച്ചു എന്നാണ് വിവരം. കടുവയുടെ കാലിനാണ് വെടിയേറ്റത്.

അതേസമയം, വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആളുകൾ ജാഗ്രത കൈവിടരുതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. നേരത്തെ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി.

നാട്ടുകാരോട് പ്രദേശത്ത് നിന്ന് മാറാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിൽ കലാശിച്ചത്.വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് കടുവയുടെ ആക്രമണത്തിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു.