ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം; ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

single-img
25 February 2023

ജറുസലം: കേരളത്തില്‍ നിന്നും കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യന്റെ വിഷയിത്തില്‍ ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.

ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും അയാളെ സഹായിക്കുന്നവര്‍ക്കും വലിയ വില നല്‍കേണ്ടിവരുമെന്നും ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

നേരത്തെ വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. മെയ്‌യോടെ ബിജുവിന്റെ വീസ കാലാവധി അവസാനിക്കും. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങിയാല്‍ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ല. എന്നാല്‍ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കില്‍ അത് ഗുരുതര പ്രശ്നമാകും. ബിജുവിനെ ഈ സാഹചര്യത്തില്‍ സംരക്ഷിക്കുന്നവരും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംബസി പറയുന്നു.

കേരളത്തില്‍ നിന്നും ഇസ്രയേലില്‍ ആധുനിക കൃഷി രീതി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ കാണാതായിരുന്നു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ നേതൃത്വത്തിലാണ് കര്‍ഷക- ഉദ്യോഗസ്ഥ സംഘം ഇസ്രയേലില്‍ പോയത്. ബിജുവിനെ കാണാതായതിനെത്തുടര്‍ന്ന് അശോക് എംബസിയെ വിവരം അറിയിച്ചിരുന്നു. തെരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.