ശശി തരൂർ എൻസിപിയിലേക്ക് വന്നാൽ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കും: പി സി ചാക്കോ

single-img
4 December 2022

കോൺഗ്രസ് പാർട്ടി വിട്ട് ശശി തരൂർ എൻസിപിയിലേക്ക് വന്നാൽ തങ്ങൾ രണ്ടും കെെയ്യും നീട്ടി സ്വീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ദേശീയ രാഷ്ട്രീയത്തിൽ നിലവിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിവുളള കോൺഗ്രസിലെ ഏക നേതാവാണ് ശശി തരൂർ.

കേരളത്തിലെ വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ തരൂർ പറഞ്ഞ അഭിപ്രായം ശരിയാണെന്ന് പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

‘വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന തുറമുഖ നിർമാണം നിർത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് തരൂർ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയുടെ ഉദാഹരണമാണ്. ഈ രീതിയിൽ ഒരു അഭിപ്രായം പറയാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും സാധിക്കുമോ? തരൂരിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരും” പി സി ചാക്കോ പറഞ്ഞു.