സിനിമയല്ലായിരുന്നെങ്കിൽ യോഗാ ടീച്ചറാകുമായിരുന്നു; മനസ്സ് തുറന്ന് നിത്യ മേനോൻ

സിനിമാജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് ദേശീയ പുരസ്കാര ജേതാവായ നടി നിത്യ മേനോൻ. പൊതുശ്രദ്ധയും ആളുകൾ നിരന്തരം തിരിച്ചറിയുന്നതും ചിലപ്പോഴൊക്കെ തനിക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. സമാധാനപരമായ ജീവിതം മാത്രമായിരുന്നു ആഗ്രഹമെങ്കിൽ യോഗാ ടീച്ചറാകുന്നതായിരുന്നു ഏറ്റവും എളുപ്പമുള്ള വഴിയെന്നും എന്നാൽ വെല്ലുവിളികൾ ഏറ്റെടുക്കാനും പുതിയ അനുഭവങ്ങളിലൂടെ വളരാനുമാണ് സിനിമ തിരഞ്ഞെടുത്തതെന്നും നിത്യ പറഞ്ഞു.
കുട്ടിക്കാലം മുതൽ ആളുകൾ തന്നെ തുറിച്ചുനോക്കുമ്പോൾ മാറിനിൽക്കാൻ ആഗ്രഹിക്കുന്നത്രയും ലജ്ജയും ഉൾവലിവും ഉണ്ടായിരുന്നുവെന്ന് താരം ഓർത്തെടുത്തു. ആത്മമൂല്യവും ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങളാണ് ഈ അസ്വസ്ഥതയ്ക്ക് പിന്നിലെന്നും അവർ വ്യക്തമാക്കി. സ്നേഹവും ശ്രദ്ധയും ആഗ്രഹിക്കുന്നതിൽ തെറ്റില്ലെങ്കിലും അഭിനയവും സിനിമയും തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും നിത്യ കൂട്ടിച്ചേർത്തു.
‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യ മേനോന് ദേശീയ പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ വർഷം ‘കാതലിക്ക നേരമില്ലൈ’, ‘തലൈവൻ തലൈവി’, ‘ഇഡ്ഡലി കടൈ’ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
വിവേക് ഒബ്റോയ് പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി ചിത്രം ‘മിസ്റ്റർ ആൻഡ് മിസിസ് ഗ്രേ’ ആണ് നിത്യയുടെ അടുത്ത ചിത്രം. വിവാഹേതര ബന്ധവും സാമ്പത്തിക തട്ടിപ്പും പ്രമേയമാകുന്ന ചിത്രം ഡിസംബർ 11ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


