നരേന്ദ്ര മോദി അദാനിക്ക് നല്‍കുന്ന അത്രയും പണം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഞാന്‍ നല്‍കും: രാഹുൽ ഗാന്ധി

single-img
15 November 2023

‘വിഡ്ഢികളുടെ നേതാവ്’ എന്ന് തന്നെ പരിഹസിച്ച പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി തന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നതില്‍ ആശങ്കയില്ല. താന്‍ താന്‍ ചെയ്യുന്നത് ശരിയാണെന്ന് മോദിയുടെ അധിക്ഷേപങ്ങള്‍ തെളിയിക്കുന്നു.

അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ നല്‍കുന്ന അത്രയും പണം, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ വാക്കുകൾ: ‘എന്റെ ലക്ഷ്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി അദാനിക്ക് നല്‍കുന്ന അത്രയും പണം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഞാന്‍ നല്‍കും’- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ ശരിയായ രാഷ്ട്രീയം ശതകോടീശ്വരന്മാരെ സഹായിക്കാനുള്ളതല്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. രാജ്യത്തെ തൊഴില്‍രഹിതരെയും കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും സഹായിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ രാഷ്ട്രീയം സംഭവിക്കുന്നത് – ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം’- രാഹുല്‍ പറഞ്ഞു.

ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘പ്രധാനമന്ത്രി മോദി എന്നെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. അദ്ദേഹം അങ്ങനെ തന്നെ സംസാരിക്കുന്നത് നല്ലതാണ്. കാരണം അദ്ദേഹം അങ്ങനെ സംസാരിക്കുമ്പോള്‍ താന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നും’- രാഹുല്‍ പറഞ്ഞു.