വിഎഫ്എക്സ് ഇല്ലാതെ ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്: അക്ഷയ് കുമാർ

single-img
28 March 2026

സിനിമകളിൽ ആക്ഷൻ രം​ഗങ്ങളിൽ വിഎഫ്എക്സും എഐയും ഉപയോ​ഗിക്കുന്നതിനെതിരെ നടൻ അക്ഷയ് കുമാർ. കൃത്രിമത്വം നിറഞ്ഞ ഇത്തരം രംഗങ്ങൾ സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നുവെന്നും തനിക്ക് യഥാർഥമായ ആക്ഷൻ സിനിമകൾ ചെയ്യാനാണ് താല്പര്യമെന്നും നടൻ പറഞ്ഞു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

“ഇന്നത്തെ കാലത്ത് ആക്ഷൻ സിനിമകൾ നിർമിക്കുന്ന രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. പണ്ട് ആക്ഷൻ രംഗങ്ങൾ റിയൽ ആയിരുന്നു, എന്നാൽ ഇന്ന് എല്ലാം വിഎഫ്എക്സ് ഉപയോഗിച്ചാണ് ചെയ്യുന്നത്. അത് വ്യാജമായി തോന്നും. ഒരു ചാട്ടമോ ചവിട്ടോ ആണെങ്കിൽ അത് സാങ്കേതികവിദ്യയുടെ സഹായമില്ലാതെ നേരിട്ട് ചെയ്യാനാണ് എനിക്കിഷ്ടം.

വിഎഫ്എക്സ് ഇല്ലാതെ ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്”. – അക്ഷയ് കുമാർ വ്യക്തമാക്കി. സിനിമകളിൽ എഐ ഉപയോ​ഗിക്കുന്നതിനോടും തനിക്ക് താല്പര്യമില്ലെന്ന് അക്ഷയ് പറഞ്ഞു. കമ്പ്യൂട്ടർ നിർമിത ആക്ഷൻ സീനും യഥാർത്ഥ ആക്ഷൻ സീക്വൻസുകളും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൈ കൊണ്ട് വരച്ച ചിത്രവും ഡിജിറ്റൽ പ്രിന്റും തമ്മിലുള്ള വ്യത്യാസം പോലെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എഐയുടെ കാലഘട്ടത്തിലാണ് ഞാൻ ഇത് പറയുന്നത്. ആളുകൾക്ക് ഇതിൽ എന്ത് വേണമെങ്കിലും തോന്നിയേക്കാം. ഒരു യഥാർഥ ആക്ഷൻ സിനിമ ചെയ്യാനാണ് എനിക്ക് ഇഷ്ടം.

എഐയുടെയോ കമ്പ്യൂട്ടറിന്റെയോ സഹായത്തോടെ എടുക്കുന്ന സീനുകളിൽ നിന്ന് വ്യത്യസ്തമായി എത്രമാത്രം എഫേർട്ട് എടുത്താണ് നമ്മൾ അത് ചെയ്യുന്നതെന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടണം. നമ്മൾ കൈ കൊണ്ട് പടം വരയ്ക്കുന്നതും ഡിജിറ്റൽ പെയ്ന്റിങ്ങും തമ്മിലുള്ള വ്യത്യാസം പോലെയാണത്. ഡിജിറ്റൽ പെയിന്റിങ് വളരെ മികച്ചതായി തോന്നാം. യഥാർത്ഥ പെയിന്റിങ്ങിന് ചില പോരായ്മകൾ ഉണ്ടാകാം. ഇപ്പോൾ ഇത് നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങൾക്ക് എന്താണ് കാണാൻ വേണ്ടത്. എനിക്കൊരു യഥാർഥ ചിത്രം വരയ്ക്കണം”. – അക്ഷയ് കുമാർ പറഞ്ഞു.