ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഒരു നിമിഷംപോലും വൈകാതെ രാജിവെക്കണം: കെ സുധാകരന്‍

single-img
30 November 2023

കണ്ണൂര്‍ വിസി നിയമനത്തില്‍ നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ . അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രി പിണറായി വിജയനും ആ സ്ഥാനത്തു തുടരാന്‍ ധാര്‍മികാവകാശമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി സര്‍വകലാശാലാ നിയമനങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചത് എന്നും സുധാകരന്‍.

സർവകലാശാലയുടെ പ്രോവൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്കിയ കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കാന്‍ വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതുക വരെ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പര്‍ കാട്ടി ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചു എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.