കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

single-img
7 April 2023

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്നു റിപ്പോർട്ട്. ഗുരുതര സാഹചര്യം കണക്കിലെടുത്തു സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മാന്‍സൂഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ച് ചേർത്തു. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി ഓണ്‍ലൈനിലൂടെയാകും മന്ത്രി സംവദിക്കുക.

നിലവിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 25,587 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,912 ആണ്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. കേരളം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. കോവിഡ് വകഭേദമായ എക്‌സ്ബിബി.1.16 ആണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ ഉപവിഭാഗമായ ഈ വൈറസ് വേഗത്തില്‍ പടരുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു