സംസ്ഥാനമാകെ ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
12 June 2023

കേരളത്തില്‍ ഇനിയുള്ള അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഒന്‍പതു ജില്ലകളിലും ചൊവ്വാഴ്ച അഞ്ച് ജില്ലകളിലുമാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് തിങ്കളാഴ്ച യെലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. എങ്കിലും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൊവ്വാഴ്ച യെലോ അലര്‍ട്ട്. കേരളത്തിൽ ഇത്തവണ കാലവര്‍ഷം ശക്തമാകാന്‍ ഒരാഴ്ച കൂടി കഴിയുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ച വൈകി എത്തിയ കാലവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കാര്യമായി മഴ കുറഞ്ഞില്ല. എന്നാല്‍, കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും.

സാധാരണ ജൂണ്‍ ഒന്നിന് എത്തേണ്ട തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കഴിഞ്ഞ വര്‍ഷം മേയ് 29ന് എത്തിയതായാണു കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്. ഇത്തവണ ജൂണ്‍ എട്ടിനും. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 11 വരെ 87.3 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ ഇത്തവണ ഇതേ കാലയളവില്‍ ലഭിച്ചത് 85.2 മില്ലിമീറ്റര്‍.