കൊച്ചിയിലെ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

single-img
5 March 2023

ബ്രഹ്മപുര മാലിന്യ പ്ലാന്റില്‍ തീ പടര്‍ന്ന് നഗരത്തില്‍ വിഷപ്പുക വ്യാപകമാകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

എറണാകുളം കലക്ടറേറ്റില്‍ യോഗം ഉടന്‍ ആരംഭിക്കും.

വിഷപ്പുക നഗരത്തില്‍ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. മരട്, കുണ്ടന്നൂര്‍, കുമ്ബളം ഭാഗത്തും പുക പടരുകയാണ്. പ്ലാസ്റ്റിക്ക് കത്തുന്നതിനാല്‍ അതിന്റെ മണവും വ്യാപകമായുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യക്കൂമ്ബാരത്തിന് തീ പിടിച്ചതോടെ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലായി. മലിനീകരണമുണ്ടാക്കുന്ന കണങ്ങളുടെ അളവ് അനുവദനീയമായതിലും കൂടുതലാണ് നിലവില്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പിഎം 2.5 വായു മലിനീകരണത്തോത് 105 മൈക്രോ ഗ്രാമായാണ് ഉയര്‍ന്നത്. ബ്രഹ്മപുരത്ത് തീ പിടിക്കുന്നതിന് തലേ ദിവസം വരെ ഇത് 66 മൈക്രോ ഗ്രാം മാത്രമായിരുന്നു. പിഎം 10 മലിനീകരണ തോതും വര്‍ധിച്ചിട്ടുണ്ട്. 148.41 മൈക്രോ ഗ്രാമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മൈക്രോ ഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണെന്നിരിക്കെയാണ് ഈ വര്‍ധന.

കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയര്‍ ഫോഴ്സിന്റെ നേതൃ‍ത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ‌

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച്‌ ചിലയിടങ്ങളില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നില്‍ക്കുന്നു. ശ്വാസ തടസം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.