ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ് ആരോഗ്യമന്ത്രി അന്തസായി രാജിവെക്കണം: കെ സുധാകരൻ

single-img
12 May 2023

ചികിത്സയ്‌ക്കിടെ രോഗിയുടെ ആക്രമണത്തിൽ ഗുരുതരമായ കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.

ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണ് സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കുമെന്നും യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സംസ്ഥാനത്തെ 150 കാഷ്വാലിറ്റികളില്‍ രാപകല്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ വച്ചുള്ള കളിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും മാപ്പിരന്ന് അന്തസായി രാജിവയ്ക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചീഞ്ഞുനാറിയിട്ടും സ്വയം ചീഞ്ഞുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് വാ തുറന്ന് ഒരക്ഷരംപോലും പറയാനാവാത്ത അവസ്ഥയാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്കുകള്‍ മാത്രമാണ് മുഖ്യമന്ത്രിയില്‍നിന്ന് പുറത്തുവരുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.

2013 യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവന്നെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ ഒരാളെപ്പോലും ശിക്ഷിച്ചില്ല. അതിനാൽ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. എല്ലാ ആശുപത്രികളിലും സിസിടിവി വയ്ക്കണം എന്നൊരു നിര്‍ദേശം മാത്രമാണ് ആരോഗ്യവകുപ്പ് ഇതുവരെ നല്കിയിട്ടുള്ളത്. ഇതിന് പത്തുപൈസ അനുവദിക്കാത തദ്ദശേസ്ഥാപനങ്ങളുടെ തലയില്‍വച്ചതുമൂലം അതും നടക്കാതെ പോയി.

നിയമം കര്‍ക്കശമാക്കുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി സമരം നടത്തുകയും ഐഎംഎ ഇതു സംബന്ധിച്ച കരട് നല്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ നാളിതുവരെ കണ്ണുതുറന്നിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു ഡോക്ടര്‍മാരെ മുഴുവന്‍ പരിഹസിക്കുന്ന പ്രസ്താവന നടത്തിയ കോങ്ങാട് എംഎല്‍എയുടെ സമീപനം തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരോടുള്ള ഇടതുസര്‍ക്കാരിന്റെ പൊതുനയമെന്നും സുധാകരന്‍ പറഞ്ഞു.