കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദിനെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം രൂപ

single-img
12 March 2023

തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു എൻ ഐ എ. 10 ലക്ഷം രൂപയാണ് പാരിതോഷികം. സംഭവം നടന്ന 2010 ജൂലൈ നമ്മുമുതൽ ഇയ്യാൾ ഒളിവിലാണ്.

54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നേരത്തെ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതാണ്. സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്നാണു എൻഐഎ അന്വേഷണം ശക്തമാക്കിയത്.

നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ അറിയിച്ചു. സവാദിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുന്നവർ 0484 2349344, 9497715294 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്.