ഹൽദ്വാനി ശുദ്ധികലശ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് സർക്കാർ

ഹൽദ്വാനിയിലെ ശുദ്ധികലശ ചടങ്ങിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ച സംഭവത്തെ വിമർശിച്ചും ഖർഗെയെ പിന്തുണച്ചും രാഹുൽ നടത്തിയ പരാമർശങ്ങളിലാണ് നടപടി.
രാഹുലിന്റെ പ്രസ്താവന സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ പ്രസക്ത വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹൽദ്വാനിയിൽ നടന്നത് ഒരു ആചാരപരമായ ചടങ്ങാണെന്നും ദളിതർക്കെതിരായ വിവേചനമായി അതിനെ ചിത്രീകരിക്കുന്നത് തെറ്റാണെന്നും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, ശുദ്ധികലശം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൽദ്വാനിയിലെ രാംലീലാ മൈതാനത്ത് ആഗസ്റ്റ് എട്ടിനാണ് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്നത്. തുടർന്ന് ആഗസ്റ്റ് പത്തിന് വലതുപക്ഷ സംഘടനയായ ശ്രീറാം സേനയുടെ നേതൃത്വത്തിൽ അതേ വേദിയിൽ ശുദ്ധികലശം നടത്തിയിരുന്നു.
സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധി, വേദി ശുദ്ധീകരിച്ചത് അയിത്താചരണത്തിന് തുല്യമാണെന്നും ഭരണഘടനാപരമായി ഗുരുതരമായ കുറ്റമാണെന്നും ആരോപിച്ചിരുന്നു. ദളിതർ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
രാഹുലിന്റെ ഈ പരാമർശങ്ങളാണ് ഇപ്പോൾ നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. സംഭവം ഉത്തരാഖണ്ഡിലെ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.


