കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി മൂന്നുപേരെ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു

single-img
11 September 2023

ഗുവാഹത്തി: കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി മൂന്നുപേരെ ഗുവാഹത്തി പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പുര്‍ സ്വദേശികളായ അമീര്‍ ഖാന്‍, യാകൂബ്, ജാമിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് ഗുവാഹത്തിയിലെ ജോരബാത് മേഖലയില്‍നിന്നും കാറില്‍ കടത്തുകയായിരുന്ന ഹെറോയിന്‍ പിടിച്ചെടുത്തത്. കാറിനുള്ളില്‍ പ്രത്യേക അറക്കുള്ളിലായി സോപ്പുപെട്ടികള്‍ക്കുള്ളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. കാറിലെ രഹസ്യ അറ തുറന്ന് 198 സോപ്പുപെട്ടികളാണ് പോലീസ് പുറത്തെടുത്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഏറെ നേരത്തെ പരിശോധനകള്‍ക്കൊടുവിലാണ് രഹസ്യ അറ കണ്ടെത്താനായത്. 

പ്ലാസ്റ്റിക് കവറുകൊണ്ട് കെട്ടിയനിലയിലായിരുന്നു സോപ്പുപെട്ടികള്‍. സോപ്പുപെട്ടികള്‍ തുറന്നു പരിശോധച്ചപ്പോഴാണ് ഹെറോയിനാണെന്ന് വ്യക്തമാക്കിയത്. 198 സോപ്പുപെട്ടികളിലുമായി ആകെ 2.527 കിലോ ഗ്രാം ഹെറോയിനാണുണ്ടായിരുന്നത്. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെറോയിന്‍ പിടികൂടിയതെന്നും വിപണിയില്‍ 21 കോടി വിലവരുന്ന വസ്തുവാണിതെന്നും ഗുവാഹത്തി പോലീസ് കമീഷണര്‍ ദിഗന്ത ബോറ പറഞ്ഞു. ലഹരി വസ്തുക്കള്‍ക്കെതിരായ പരിശോധന വിവിധ മേഖലയില്‍ ഊര്‍ജിതമാക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ദിഗന്ത ബോറ പറഞ്ഞു. രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും ലഹരികടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനുമാണ് ഗുവാഹത്തി പോലീസിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം.