കോടതി നടപടികളില്‍ എഐ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി

single-img
5 April 2026

കോടതി നടപടികളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഗുജറാത്ത് ഹൈക്കോടതി. വിധി നിര്‍ണയം ഉള്‍പ്പെടെയുള്ള നിര്‍ണായക ന്യായപ്രവര്‍ത്തനങ്ങളില്‍ എഐ ഉപയോഗം നിരോധിച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

ജുഡീഷ്യല്‍ ന്യായവാദം, വിധികളുടെ കരട് തയ്യാറാക്കല്‍, ജാമ്യാപേക്ഷ പരിഗണിക്കല്‍, അന്തിമ വിധി പ്രസ്താവനം തുടങ്ങിയ മേഖലകളിലാണ് ഈ നിയന്ത്രണം ബാധകമാകുന്നത്.ജില്ലാ ജഡ്ജിമാരുടെ സമ്മേളനത്തില്‍ പുറത്തിറക്കിയ പുതിയ എഐ നയത്തില്‍, നീതിന്യായ സംവിധാനത്തിന് പകരക്കാരനായി അല്ല, മറിച്ച് സഹായക ഉപകരണമായി മാത്രമേ എഐ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കുന്നു.

കേസുകളുടെ രഹസ്യാത്മകതയും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും ബാധിക്കാനിടയുള്ളതിനാലാണ് ഈ നിയന്ത്രണം. അതേസമയം, ചില മേഖലകളില്‍ എഐ ഉപയോഗത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. നിയമ ഗവേഷണം, കേസ് മാനേജ്മെന്റ്, ആഭ്യന്തര രേഖകള്‍ തയ്യാറാക്കല്‍, ഐടി ഓട്ടോമേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ എഐ ഉപയോഗിക്കാം.