ഗുജറാത്തിലെ പാലം അപകടം: ഉടമകൾ മുങ്ങി; അറസ്റ്റിലായത് സെക്യൂരിറ്റി ജീവനക്കാരും ടിക്കറ്റ് വിൽക്കുന്നവരും

single-img
1 November 2022

7 കുട്ടികളടക്കം 135 പേർ മരിക്കാനിടയായ മോർബി പാലം അപകടത്തിൽ ഉടമകൾ മുങ്ങിയപ്പോൾ അറസ്റ്റിലായത് സെക്യൂരിറ്റി ജീവനക്കാരും ടിക്കറ്റ് വിൽക്കുന്നവരും. കൊളോണിയൽ കാലഘട്ടത്തിലെ പാലം പുതുക്കിപ്പണിയാൻ അധികാരികൾ കരാർ നൽകിയ സ്വകാര്യ കമ്പനിയായ ഒറെവയുടെ ഉടമകളും പ്രധാന എക്സിക്യൂട്ടീവുകളും സംഭവം നടന്ന ഉടൻ മുങ്ങി എന്നാണ് ലഭിക്കുന്ന വിവരം.

നവീകരിച്ച പാലം കുറഞ്ഞത് എട്ടോ പത്തോ വർഷമെങ്കിലും നിലനിൽക്കുമെന്ന് പരസ്യമായി അവകാശപ്പെട്ട ഒറെവയുടെ മാനേജിംഗ് ഡയറക്ടർ ജയ്സുഖ്ഭായ് പട്ടേലിനെ ദുരന്തത്തിന് ശേഷം കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നത്.

അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഉടമകളെ സംരക്ഷിക്കുമ്പോൾ താഴെത്തട്ടിലുള്ള ആളുകളെ ബലിയാടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും നാട്ടുകാരും പോലും ആരോപിച്ചു.

ഞായറാഴ്ചയാണ് മോർബി ജില്ലയിൽ മച്ചു നദിക്ക് മുകളിലുള്ള തൂക്കുപാലം തകർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് ശ്രമിച്ചതിനും കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്‌ക്കും സ്വകാര്യ ഏജൻസികൾക്കെതിരെ ഗുജറാത്ത് പോലീസ് പ്രഥമ വിവര റിപ്പോർട്ടും (എഫ്‌ഐആർ) ഫയൽ ചെയ്തിട്ടുണ്ട്.