അപൂര്‍വരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണം; പ്രതീക്ഷയോടെ എസ്‌എംഎ ഫൗണ്ടേഷന്‍

single-img
2 April 2023

അപൂര്‍വരോഗ മരുന്നുകളുടെ ഇറക്കുമതി തീരുവയോടൊപ്പം ജിഎസ്ടിയും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എസ്‌എംഎ രോഗികളുടെ മരുന്നുകള്‍ക്കടക്കം ഭീമമായ ജിഎസ്ടി നല്‍കേണ്ടിവരുന്നത് വലിയ ബാധ്യതയാവുകയാണ്.

കേന്ദ്രസര്‍ക്കാറിനോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രോഗികളുടെ രക്ഷിതാക്കള്‍.

രാജ്യത്തെ ആയിരത്തിലധികം വരുന്ന എസ്‌എംഎ രോഗികളില് ഇരുന്നൂറോളം പേര്‍ കേരളത്തിലാണ്. ഇതില്‍ ഭൂരിഭാഗംപേരും ഉപയോഗിക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ എവരിസ്ഡിയെന്ന മരുന്നാണ്. 20 കിലോ ഭാരമുള്ള രോഗിയായ ഒരു കുട്ടിക്ക് ഒരു വര്‍ഷം ഈ മരുന്ന് നല്‍കാന്‍ 66 ലക്ഷം രൂപയും 12 ശതമാനം ജിഎസ്ടിയുമടക്കം 75 ലക്ഷം രൂപ നല്‍കണം. ജിഎസ്ടി ഇനത്തില്‍ മാത്രം നല്‍കേണ്ടത് 9 ലക്ഷം രൂപ. ഇന്ത്യയിലെ വിപണിയില്‍ ഇതിനോടകം ലഭ്യമായ ഈ മരുന്ന് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. മറ്റ് മരുന്നുകള്‍ ഇറക്കുമതി ചെയ്താല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തുക നല്‍കുകയും വേണം. ചുരുക്കത്തില്‍ അപൂര്‍വ രോഗ മരുന്നുകളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടികൊണ്ട് എസ്‌എംഎ രോഗികള്‍ക്ക് കാര്യമായ ഗുണമില്ല.

മറ്റ് അപൂര്‍വരോഗങ്ങള്‍ ബാധിച്ചവര്‍ക്കും മരുന്നുകളുടെ ജിഎസ്ടി ഇനത്തില്‍ വലിയതുക ചിലവിടേണ്ടിവരുന്നത് കടുത്ത ബാധ്യതയാവുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 50 ലക്ഷം രൂപ ഒറ്റത്തവണ സഹായം ഉയര്‍ത്തണമെന്നും ആവശ്യമുയരുന്നു. ഇതുവരെ രാജ്യത്തെ 130 രോഗികള്‍ക്ക് മാത്രമേ ഈ ധനസഹായം ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ തുക നല്‍കണം, സംസ്ഥാനങ്ങള്‍ അപൂര്‍വരോഗ നയം രൂപീകരിക്കണമെന്നും ചികിത്സാ കേന്ദ്രങ്ങള്‍ ആരഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ 30നാണ് ദേശീയ അപൂര്‍വരോഗ നയ പട്ടികയിലെ 51 രോഗങ്ങളുടെ മരുന്നുകളെയും ചികിത്സാ ആവശ്യങ്ങള്‍ക്കുമുള്ള ഭക്ഷ്യവസ്തുക്കളെയും ഇറക്കുമതി തീരുവയില്‍നിന്നും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ അപൂര്‍വരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെേന്നും, ചികിത്സാര്‍ത്ഥമുള്ള ഭക്ഷ്യവസ്തുക്കളെ കൂടി ഇറക്കുമതി തീരുവയില്‍നിന്നും ഒഴിവാക്കുക മാത്രമാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാ‌ര്‍ ചെയ്തതെന്നുമാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.