ബജറ്റില്‍ വിദ്യാര്‍ത്ഥികളോട് കടുത്ത അവഗണന: കെ എസ് യു

single-img
3 February 2023

സംസ്ഥാനത്തു ഇപ്പോഴുള്ള വിദ്യാഭ്യാസ രംഗത്തിന് ആശ്വാസകരമല്ല ബജറ്റെന്ന് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെ എസ് യു . കേരളാ ബജറ്റില്‍ വിദ്യാര്‍ത്ഥികളോട് കടുത്ത അവഗണനയാണ് ഉണ്ടായതെന്നും വിദ്യാഭ്യാസ മേഖല നിരന്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള ബജറ്റ് പ്രഖ്യാപനം നടന്നിരിക്കുന്നതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും സ്വജന പക്ഷപാതം കൊണ്ടും കുത്തഴിഞ്ഞ് കിടക്കുന്ന കേരളത്തിലെ സര്‍വകലാശാലകളിലെ അധ്യാപന നിയമനങ്ങളില്‍ കൃതൃത വരുത്താനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ഇതു കൂടാതെ അനേകായിരം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഉണ്ടായിട്ടും സര്‍വകലാശാലകളില്‍ നൂതന തൊഴില്‍ സാധ്യതകള്‍ക്ക് അനുസൃതമായ പുതിയ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശങ്ങളോ ബജറ്റില്‍ ഇല്ല എന്ന വിമര്‍ശനവുമുണ്ട്.

സംസ്ഥാനത്തെ ഇന്ധന സെസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വില വര്‍ധനവിന് ആനുപാതികമായി യാത്രാ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തുമെന്നുളളതും ആശങ്കാജനകമാണ്. ആയുര്‍വേദ കോളജില്‍ അടക്കം പരീക്ഷ ജയിക്കാത്തവര്‍ക്ക് ബിരുദം നല്‍കുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള ക്രിയാത്മക നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ എന്‍ജിനിയറിംഗ് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ കുറവ്, നിലവാര തകര്‍ച്ച, സിലബസ് പരിഷ്‌കരണം എന്നിവയടക്കമുള്ള കാര്യങ്ങളൊന്നും ബജറ്റില്‍ പറഞ്ഞിട്ടില്ല.

കേരളാ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ഒരു പോളി ടെക്‌നിക് അനുവദിച്ചത് മാത്രമാണ് ആകെയുള്ളത്. പെട്രോളിനും ഡീസലിനും ചുമത്തിയ നികുതി വര്‍ധനവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കെഎസ്‌യു ശക്തമായ പ്രതിഷേധ പരിപാടികളായി മുന്നോട്ട് പോകുമെന്നും അലോഷ്യസ് സേവ്യര്‍മുന്നറിയിപ്പ് നൽകി.