എതിർപ്പ് തള്ളി; ബംഗാൾ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ വഴി പൗരത്വം നല്‍കി ആഭ്യന്തരമന്ത്രാലയം

single-img
30 May 2024

പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ വഴി പൗരത്വം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഈ സംസ്ഥാനങ്ങളിൽ നിന്നും പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകള്‍ പ്രകാരം ഇന്നലെയാണ് പൗരത്വം നല്‍കിയത്.

അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു . ബംഗാളില്‍ അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പൗരത്വം നല്‍കിയിരിക്കുന്നത്

കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാടെടുത്തിരുന്നു. കേന്ദ്രം 2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അതിനെ തുടർന്ന് നടപ്പാക്കാതെ മാറ്റിവച്ച നിയമത്തിന്റെ ചട്ടങ്ങള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക.