മദ്രസകളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സർക്കാർ അവ തകർക്കും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

single-img
1 September 2022

സംസ്ഥാനത്തെ മുസ്ലീം മത പഠന കേന്ദ്രങ്ങളായ മദ്രസകള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസകളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തകര്‍ക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, മറിച്ച് തീവ്രവാദത്തിന്റെ ഹബ്ബായിട്ടാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ‘ജിഹാദി’ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബോംഗൈഗാവ് ജില്ലയിലെ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചുകളഞ്ഞിരുന്നു. മാത്രമല്ല, ഭീകരവാദ ബന്ധം ആരോപിച്ച് ഒരു മാസത്തിനിടെ അസമില്‍ മൂന്ന് മദ്രസകളാണ് പൊളിച്ചത്.

‘മദ്രസകളെ പാടെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല. എന്നാല്‍ അവിടങ്ങള്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിര്‍ബന്ധമുണ്ട്’- അദ്ദേഹം പറയുന്നു. നേരത്തെ അല്‍ഖൈ്വദ ബന്ധമാരോപിച്ചാണ് കഴിഞ്ഞ ദിവസം അസമില്‍ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചത്. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത വ്യക്തിയുമായി എത്തി പൊലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയ ശേഷം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് മദ്രസ പൊളിച്ചു നീക്കിയത്.

ക്യാന്റീനില്‍ നിന്ന് ‘ജിഹാദി’ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് കബൈതരി മാ ആരിഫ് മദ്രസ പൊളിച്ചതെന്നാണ് ബോംഗൈഗാവില്‍ നിന്നുള്ള പൊലീസ് ഇതിനോട് അന്ന് പ്രതികരിച്ചത്.