ഗവർണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണം: ഇഎസ് ബിജിമോൾ

single-img
27 October 2022

ഗവർണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് സിപിഐ നേതാവ് ഇ എസ് ബിജിമോള്‍. ഒരു സംസ്ഥാനത്തിൻ്റെ ഗവർണർ തിരഞ്ഞെടുക്കപ്പെടുന്നതല്ല. മറിച്ച് കേന്ദ്രം ഭരിക്കുന്നവർ അവരുടെ കൂടി താല്പര്യം പരിഗണിച്ച് രാഷ്ട്രപതി വഴി നാമനിർദേശം ചെയ്ത് ഒരു സംസ്ഥാനത്തിൻ്റെയോ ഒന്നിലധികം സംസ്ഥാനങ്ങളുടെയൊ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗവർണറെന്ന് ബിജിമോൾ തന്റെ ഫേസ്ബുക്കിൽ എഴുതി.

നിലപാടുകളിൽ മാറ്റം വരുത്തി ഗവർണർ പദവിയുടെ അന്തസിനോട് കൂറുപുലർത്തിയില്ലെങ്കിൽ, ഗവർണറെ തിരിച്ച് വിളിച്ച് ജനാധ്യപത്യ സംവിധാനത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ രാഷ്ട്രപതിയോട് കേരളത്തിലെ ജനങ്ങൾക്ക് ആവശ്യപ്പെടേണ്ടി വരുമെന്നും ബിജിമോൾ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഗവർണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണം. ഒരു സംസ്ഥാനത്തിൻ്റെ ഗവർണർ തിരഞ്ഞെടുക്കപ്പെടുന്നതല്ല. മറിച്ച് കേന്ദ്രം ഭരിക്കുന്നവർ അവരുടെ കൂടി താല്പര്യം പരിഗണിച്ച് രാഷ്ട്രപതി വഴി നാമനിർദേശം ചെയ്ത് ഒരു സംസ്ഥാനത്തിൻ്റെയോ ഒന്നിലധികം സംസ്ഥാനങ്ങളുടെയൊ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഗവർണർ.

ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതല ഏറ്റെടുത്താൽ അധിക ചുമതല എന്നാണ് പറയുക.35 വയസ് പൂർത്തിയായ പൂർണ ആരോഗ്യവാനായ ഏതൊരു ഇന്ത്യൻ പൗരനും ഗവർണറുടെ ചുമതല വഹിക്കാം.ഗവർണറുടെ ചുമതലകൾ പരിശോധിച്ചാൽ

1നിയമനിർമ്മാണ അധികാരങ്ങൾ
2 സാമ്പത്തിക അധികാരങ്ങൾ
3 ജുഡിഷ്യൽ അധികാരങ്ങൾ
4 എക്സിക്യുട്ടിവ് അധികാരങ്ങൾ എന്നിവയാണ് .

എന്നാൽ ഈ അധികാരങ്ങളൊക്കെ വിനയോഗിക്കുക തിരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റിനു വേണ്ടിയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് യഥാർത്ഥ അധികാരികൾ എന്ന തിരിച്ചറിവ് ഉണ്ടാകുക പ്രധാനമാണ്. ജനങ്ങൾക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണ് ജനപ്രതിനിധികൾ.

പ്രാദേശിക ഭരണകൂടം മുതൽ പാർലമെൻ്റ് വരെ തിരഞ്ഞെടുക്കപ്പെട്ടവർ ആരായാലും അവരെ മാനിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങുന്നതിന് പകരം ബഹുമാനം പിടിച്ചു വാങ്ങുന്നതിന് ശ്രമിച്ചാൽ അത് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ വലുതായിരിക്കുമെന്ന് ഗവർണറുടെ നടപടികൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗവർണർമാരുടെ കലാപങ്ങൾ ഇത് ആദ്യമായല്ല. ഇന്ത്യയുടെ ചരിത്രം എടുത്തു പരിശോധിച്ചാൽ നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിൽ നിരവധി സംസ്ഥാനങ്ങളിൽ ഗവർണർ പദവി ഒരു കറുത്ത അധ്യായം പോലെ കാണാം. അതു കൊണ്ടു തന്നെ ഗവർണർ വേണോ വേണ്ടയോ എന്ന വിഷയം ഗവർണറുടെ അധികാരം സംബന്ധിച്ച ചർച്ച തുടങ്ങിയ ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇതിനോടകം തന്നെ നിരവധി തവണ സൂക്ഷ്മപരിശോധനക്ക് വിധേയമായതാണ്.

നമ്മുടെ രാജ്യത്തിൻ്റെ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്ക്കർ ഗവർണർ വിദേശ രാജ്യങ്ങളിൽ എന്നപോലെ തിരഞ്ഞെടുക്കപ്പെടേണ്ട പദവിയാണെന്ന് അഭിപ്രായമുള്ളയാളായിരുന്നു.എന്നാൽ ജവഹർലാൽ നെഹ്റു അടക്കം ഉള്ള ആളുകൾ അതിനോട് ശക്തമായി വിയോജിച്ചു. തുടർന്ന് നടന്ന വിവിധ ചർച്ചകൾക്കൊടുവിൽ ഗവർണറെ തിരഞ്ഞെടുക്കേണ്ടതില്ലെന്നും കേന്ദ്ര ഗവൺമെൻ്റിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ നാമനിർദേശം ചെയ്താൽ മതിയെന്നും തീരുമാനിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ഗവർണർ സംസ്ഥാന ഗവൺമെൻറിൻ്റെയും കേന്ദ്ര ഗവൺമെൻ്റിൻ്റെയും മധ്യസ്ഥനാണ്. അല്ലാതെ കേന്ദ്ര ഗവൺമെൻ്റ് രാഷ്ട്രപതി വഴി സംസ്ഥാനം പിടിക്കാൻ നിയോഗിച്ചയാളല്ല.

സംസ്ഥാന ഗവൺമെൻ്റിൻ്റ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ വീരസ്യം വിളമ്പി, ഗവർണർ പദവിയുടെ അന്തസ് നശിപ്പിച്ച്, 2022 ലെ News Maker Award നായി മത്സരിക്കുന്ന മത്സരാർത്ഥിയുടെ നിലവാരത്തിലേക്ക് കേരള ഗവർണർ തരം താഴരുത്.

ഈ ഗവൺമെൻ്റിൻ്റെ കരുത്ത് രാഷ്ട്രീയ സാക്ഷരത നേടിയ ഈ നാട്ടിലെ ജനങ്ങളാണ്. അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്. ഒന്നുകൂടി പറയട്ടെ ഈ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഇപ്പോൾ ഗവർണർ നടത്തുന്ന ഈ ചെപ്പടിവിദ്യകൾ പോര. അങ്ങ് നിലപാടുകളിൽ മാറ്റം വരുത്തി ഗവർണർ പദവിയുടെ അന്തസിനോട് കൂറുപുലർത്തിയില്ലെങ്കിൽ, ഗവർണറെ തിരിച്ച് വിളിച്ച് ജനാധ്യപത്യ സംവിധാനത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ രാഷ്ട്രപതിയോട് കേരളത്തിലെ ജനങ്ങൾക്ക് ആവശ്യപ്പെടേണ്ടി വരും.