കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിൽ നോമിനേറ്റ് ചെയ്യുന്നത്: പി എം ആർഷോ

single-img
5 December 2023

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ആർഎസ്എസ് പദ്ധതിയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഇതിന് ചുക്കാൻ പിടിക്കാൻ ഗവർണർ ഇറങ്ങിയിരിക്കുകയാണെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും അർഷോ പറയുന്നു . യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിക്കുകയാണ്. കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്.

എന്നാൽ, കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി എം ആർഷോ കുറ്റപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും അർഷോ വ്യക്തമാക്കി.

സർവ്വകലാശാലകളെ തകർക്കുകയാണെന്നും ഗവർണർ പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപിച്ച ആർഷോ നാളെ രാജ്ഭവൻ വളയുമെന്നും കൂട്ടിച്ചേർത്തു.
ഇതോടൊപ്പം എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പരാമർശത്തിനെതിരെയും ആർഷോ രംഗത്തെത്തി.

വിരുദ്ധമായ അഭിപ്രായമാണ് എസ്എഫ്ഐക്ക് ഉള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു .