തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധം; ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി

single-img
5 December 2022

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും മതത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകായിരുന്നു ഇമാം. സ്ത്രീകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുള്ളതിനാല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരൊറ്റ സ്ത്രീ പോലും പള്ളിയില്‍ നമസ്‌കരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ? ഇസ്‌ലാമില്‍ നമസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ മുന്നില്‍ വരുന്നത് ഇസ്‌ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നത് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്‌ലാമില്‍ ഒരു പ്രത്യേക പദവി ഉള്ളതിനാലാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടയുന്നത്. ഏത് പാര്‍ട്ടിയായാലും മുസ്ലിം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാലും ഇസ്ലാമിക വിരുദ്ധരാണ്. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നത്. സ്ത്രീകളാണ് മത്സരിക്കുന്നതെങ്കില്‍ അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇമാം പറഞ്ഞു.

ഗുജറാത്തിലെ 14 സെന്‍ട്രല്‍, വടക്കന്‍ ജില്ലകളിലെ 182 നിയമസഭാ സീറ്റുകളില്‍ 93 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, കച്ച്‌, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്നിന് നടന്നിരുന്നു. ആദ്യഘട്ടത്തില്‍ ശരാശരി 63.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.

മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളും ചെറുപ്പത്തിലേ വിവാഹം കഴിക്കണമെന്നും കൂടുതല്‍ കുട്ടികളുണ്ടാകണമെന്നും പറഞ്ഞ അസം എംപി മൗലാന ബദറുദ്ദീന്‍ അജ്മല്‍ കഴിഞ്ഞ ദിവസം വിവാദത്തിലകപ്പെട്ടിരുന്നു. ‘മുസ്ലിം ആണ്‍കുട്ടികള്‍ 22 വയസ്സിലും പെണ്‍കുട്ടികള്‍ 18 വയസ്സിലും വിവാഹിതരാകുന്നു. ഹിന്ദുക്കള്‍ 40 വയസ്സ് വരെ ഒന്നു മുതല്‍ മൂന്ന് വരെ ഭാര്യമാരെ അനധികൃത പാര്‍പ്പിക്കുന്നു. അവര്‍ കുഞ്ഞുങ്ങളെ ജനിക്കാന്‍ അനുവദിക്കുന്നില്ല. അവര്‍ പണം ലാഭിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു’- എംപി വാര്‍ത്താ ചാനലിനോട് പറഞ്ഞു. എംപിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവാണ് ബദറുദ്ദീന്‍ അജ്മല്‍.