ഗാസ വീണ്ടും കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായി മാറി: യുനിസെഫ്

single-img
2 December 2023

ഇസ്രായേൽ യുദ്ധം പുനരാരംഭിച്ചതോടെ ഗാസ വീണ്ടും കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായി മാറിയെന്ന് കുട്ടികളുടെ ക്ഷേമത്തിനായുള്ള ഐക്യരാഷ്ട്ര സംഘടനയായ യുനിസെഫ്. ഏഴുദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതോടെ, അക്രമം മുമ്പത്തേക്കാൾ തീവ്രമാണെന്നും ഓരോ ദിവസവും നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെടാമെന്നും യുനിസെഫ് മേധാവി കാതറിൻ റസ്സൽ പറഞ്ഞു.

‘ഭയങ്കരമായ ഒരു പേടിസ്വപ്നത്തിലൂടെ കഴിഞ്ഞിരുന്ന കുട്ടികൾക്ക് ഈ കഴിഞ്ഞ ഏഴ് ദിവസങ്ങൾ പ്രതീക്ഷയുടെ തിളക്കമാണ്. ഗാസയിൽ ബന്ദികളാക്കിയ മുപ്പതിലധികം കുട്ടികളെ സുരക്ഷിതമായി മോചിപ്പിച്ചു. അവർ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ചു. “താത്കാലിക വെടിനിർത്തൽ ഗാസയിലേക്കുള്ള ജീവൻരക്ഷാ സാമഗ്രികളുടെ വിതരണം വർദ്ധിപ്പിക്കാൻ സഹായിച്ചു,” റസ്സൽ പ്രസ്താവനയിൽ പറഞ്ഞു.

കുട്ടികളുടെ സുരക്ഷയ്ക്ക് സ്ഥിരമായ വെടിനിർത്തൽ ആവശ്യമാണ്. എല്ലാ കക്ഷികളോടും അന്താരാഷ്ട്ര മാനുഷിക നിയമം അനുസരിക്കുന്നതിനും അത് അനുസരിച്ച് കുട്ടികൾക്ക് സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുന്നു. ഫലസ്തീനിലെയും ഇസ്രായേലിലെയും എല്ലാ കുട്ടികൾക്കും സമാധാനം ആവശ്യമാണ് – യുണിസെഫ് മേധാവി പറഞ്ഞു.