ഗുണ്ടാപ്പിരിവ് നൽകാത്തതിന് കൂട്ടബലാത്സംഗം: തിരുവല്ലയിൽ സ്പാ ജീവനക്കാരിക്കെതിരെ കൊടും ക്രൂരത, നാല് പേർ അറസ്റ്റിൽ

single-img
6 February 2026

തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഗുണ്ടാ നേതാവായ ‘മരണ’ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്ന് കൂട്ടാളികളും അറസ്റ്റിലായി. മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിന് പിന്നാലെ സ്പായിൽ നിന്ന് പണം അപഹരിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഫെബ്രുവരി ഒന്നിന് ഉച്ചയോടെയായിരുന്നു സംഭവം. ഏറെക്കാലമായി തിരുവല്ലയിൽ ഗുണ്ടാപ്പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവല്ലയിൽ പ്രവർത്തിക്കുന്ന സ്പായിലെത്തിയ കാപ്പാ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവും ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

സുബിൻ മുമ്പും പലതവണ സ്പായിലെത്തി പണപ്പിരിവ് നടത്തിയിരുന്നുവെന്നും ജീവനക്കാർ പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് തർക്കം ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഈ തർക്കത്തിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.