നാൽപ്പത് സ്ത്രീകൾക്ക് ഒരു ഭർത്താവ്; സെൻസസിൽ ലഭിച്ച വിവരം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ

single-img
26 April 2023

നാൽപ്പത് സ്ത്രീകൾക്ക് ഒരു ഭർത്താവ്. ഇത് കേട്ട് അന്തംവിടേണ്ട.. സെൻസസിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാൻ പോയ ഉദ്യോഗസ്ഥരാണ് ഇത് കണ്ടു ഞെട്ടിയത്. ബിഹാറിലെ അർവാളിൽ ജാതി സെൻസസിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇവിടെയുള്ള നാൽപ്പത് സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ പേരായി ഒരാളുടെ പേരാണ് പറഞ്ഞത്… രൂപ്ചന്ദ്. അർവാൾ സിറ്റി കൗൺസിൽ ഏരിയയിലെ വാർഡ് നമ്പർ ഏഴിൽ നിന്നും വിവരങ്ങൾ ശേഖരിക്കവെയാണ് 40 സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ പേരായി രൂപ്ചന്ദ് എന്ന് പറഞ്ഞത്. തങ്ങളുടെ കുട്ടികളുടെ അച്ഛനയും പിതാവിന്റെ പേരായും മകന്റെ പേരയും രൂപ്ചന്ദ് എന്ന് നൽകിയ സ്ത്രീകളും ഇവിടെയുണ്ട്.

അറിയപ്പെടുന്ന റെഡ് ലൈറ്റ് ഏരിയ ആയ ഇവിടുന്ന് ലഭിച്ച വിവരം കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതർ. ഇവിടെ ഏഴാം നമ്പർ വാർഡിലെ റെഡ് ലൈറ്റ് ഏരിയയിൽ താമസിക്കുന്നവർ പാട്ടും നൃത്തവും നടത്തി ഉപജീവനം തേടുന്നതായും സ്ഥിരമായ വിലാസമില്ലാത്തവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രദേശത്ത് താമസിക്കുന്നത് കൂടുതലും ലൈംഗിക തൊഴിലാളികളാണ്.

ഇവിടെയുള്ള സ്ത്രീകൾ അവരുടെ ഭർത്താവിന് രൂപ്ചന്ദ് എന്ന് പേരിടുകയായിരുന്നു. സെൻസസിന് പിന്നാലെയാണ് ഈ വിവരം പുറത്തു വരുന്നത്. തുടർന്ന് സംഭവം സമീപ പ്രദേശങ്ങളിൽ ചർച്ചാവിഷയമായി.

നേരത്തെ, ഈ വർഷം ജനുവരി 7 ന് ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആരംഭിച്ചിരുന്നു. കണക്കെടുപ്പ് പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് . ബിഹാർ സർക്കാർ രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നടത്തുന്നത്. ആദ്യഘട്ടത്തിൽ എല്ലാ കുടുംബങ്ങളുടെയും എണ്ണം കണക്കാക്കണം. രണ്ടാം ഘട്ടത്തിൽ എല്ലാ ജാതിയിലും ഉപജാതിയിലും മതത്തിലും പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്.