ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാൻ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

single-img
4 September 2022

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. ഒപ്മുപണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. 

ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ചെയര്‍മാനായിരുന്നു മിസ്ത്രി. പിന്നീട് ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. നീക്കിയതിനെതിരെ അദ്ദേഹം നിയമപരമായി മുന്നോട്ടുനീങ്ങി. ഒടുവില്‍ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. മൂന്ന് വർഷം മുമ്പാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കിയത്. എന്നാല്‍,  ടാറ്റാ ഗ്രൂപ്പ് ചെയർമാനായി ബോംബെ ഹൗസിലേക്ക് ഇനി മടങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്ന് മിസ്ത്രി വ്യക്തമാക്കി. 2016ലാണ് ടാറ്റ സൺസിന്‍റെ ആറാം ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ അസാധാരണ നീക്കത്തിലൂടെ സ്ഥാനത്ത് നിന്ന് നീക്കിയത്.

നാനോ കാർ നിർമ്മാണമുൾപ്പെടുയുള്ള വിഷയങ്ങളിൽ രത്തൻ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്‍റെ താക്കോൽ സ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ പിൻഗാമിയായി 2012ലാണ് സൈറസ് മിസ്ത്രി എത്തുന്നത്. ടിസിഎസ്, ജാഗ്വാർ ലാന്റ് റോവർ എന്നീ കമ്പനികളുടെ പ്രവർത്തനത്തിൽ ചെയർമാൻ എന്ന നിലയിൽ തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു.