ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും വിട്ടു നില്ക്കുമെന്ന് സ്ഥിരീകരണം

single-img
5 September 2023

ദില്ലി: ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും വിട്ടു നില്ക്കുമെന്ന് സ്ഥിരീകരണം. ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത രൂക്ഷമാകുമ്പോഴാണ് ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങാകും പങ്കെടുക്കുക.

അതേസമയം ജി 20 ഉച്ചകോടിയിൽ തർക്ക വിഷയങ്ങളിൽ ഇനിയും സമവായമായിട്ടില്ല. യുക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായ ഭിന്നത തുടരുന്നത്. യുക്രൈനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശം ഒഴിവാക്കാമെന്ന ഇന്ത്യയുടെ സമവായ നിർദ്ദേശത്തെ അമേരിക്ക ഉൾപ്പടെയുള്ള ജി 7 രാജ്യങ്ങൾ ശക്തായി എതിർത്തു. ജി 20 ഉച്ചകോടിയിൽ ലോകത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമവായത്തിനുള്ള നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് വാർത്താ ഏജൻസിയോട് സംസാരിക്കവേ മുന്നോട്ടു വച്ചത്. എന്നാൽ ഇതിന് ശേഷവും അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നത അതേപടി തുടരുന്നു എന്ന സൂചനയാണ് പുറത്തു വരുന്നത്.

ഷി ജിൻപിങിനു പകരം പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കുമെന്ന ചൈനയുടെ അറിയിപ്പും ഇതിന്‍റെ ഭാഗമാണ്. ബ്രിക്സ് ഉച്ചകോടിക്ക് പോയ ഷി ജിൻപിങ് അതിലും വലിയ കൂട്ടായ്മയിൽ നിന്ന് വിട്ടു നില്ക്കുന്നത് ഇന്ത്യയുടെ അധ്യക്ഷതയോടുള്ള താല്പര്യക്കുറവിന്‍റെ കൂടി സൂചനയായി. ഹരിയാനയിലെ നൂഹിൽ തുടരുന്ന ജി 20 ഷെർപമാരുടെ യോഗത്തിൽ യുക്രൈൻ സംഘർഷത്തിന്‍റെ കാര്യത്തിൽ ഭിന്നത ദൃശ്യമായി. സംയുക്തപ്രസ്താവനയിൽ റഷ്യയുടെ നിലപാടിനെതിരായ പരാമർശം വേണം എന്നാണ് അമേരിക്ക ഉൾപ്പടെ ജി എഴ് രാജ്യങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ റഷ്യയെ നേരിട്ട് കുറ്റപ്പെടുത്താതെ യുദ്ധത്തിനും സംഘർഷത്തിനും എതിരായ നിലപാട് വ്യക്തമാക്കാം എന്നാണ് അധ്യക്ഷ സ്ഥാനത്തുള്ള ഇന്ത്യയുടെ നിർദ്ദേശം. ഇത് പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല

റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയം വീറ്റോ ചെയ്യും എന്ന നിലപാടിലാണ് റഷ്യയും ചൈനയും. ആഫ്രിക്കൻ യൂണിയനെ കൂടി ചേർത്ത് ജി 20, ജി 21 ആക്കണം എന്ന ഇന്ത്യയുടെ നിർദ്ദേശം ഷെർപ യോഗത്തിൽ വച്ചു. ഇതിലും ചില രാജ്യങ്ങൾ എതിർപ്പറിയിച്ചു എന്നാണ് സൂചന. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ഇക്കാര്യത്തിൽ സമവായത്തിന് ശ്രമിക്കും. സംയുക്തപ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ ജി 20 ഉച്ചകോടിയുടെ പേരിലുയർന്ന ആരവങ്ങൾക്ക് ഫലമില്ലാതെയാകും എന്ന ആശങ്കയിലാണ് കേന്ദ്ര സർക്കാർ.