പ്രളയം, മണ്ണിടിച്ചില്‍; ദുരന്തങ്ങളെ മുൻകൂട്ടി കാണാൻ ഇനി എഐ കണ്ണുകള്‍; ജനങ്ങള്‍ക്ക് ഉടനടി നിര്‍ദേശം നല്‍കും

single-img
3 December 2025

ചുഴലിക്കാറ്റുകളും പ്രകൃതിദുരന്തങ്ങളും രാജ്യത്ത് പതിവായി ഭീഷണി സൃഷ്‌ടിക്കുകയാണ്. പ്രവചനങ്ങളെല്ലാം തെറ്റിച്ചെത്തുന്ന പ്രകൃതിദുരന്തങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അതിന് ചില ഉദാഹരണങ്ങളാണ് കഴിഞ്ഞ വർഷങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ച കെടുതികള്‍.

പെട്ടിമുടി, ചൂരൽമല, മുണ്ടക്കൈ എന്നിവയെല്ലാം മലയാളികളുടെ മനസിൽ ഇന്നും മായാത്ത മുറിവുകളാണ്. കേരളം, ഉത്തരാഖഢ്, തെലങ്കാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ പലപ്പോഴായി നടന്ന മണ്ണിടിച്ചില്‍, പ്രളയം, ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം എന്നിവയിൽ മുൻകൂട്ടി ചെറിയ സൂചനകൾ ലഭിച്ചിരുന്നെങ്കിൽ മരണസംഖ്യ വലിയ തോതിൽ കുറയ്‌ക്കാമായിരുന്നു. കൃത്യമായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാൻ അധികാരികള്‍ക്ക് സാധിക്കാത്തതായിരുന്നു ഇത്തരം ദുരന്തങ്ങളുടെ ആഘാതം കൂട്ടിയത്.

എന്നാല്‍ ഇവയ്‌ക്കൊരു പരിഹാരമെന്ന രീതിയിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കാൻ കഴിയുന്ന ഒരു സംവിധാനം മുന്നോട്ടുവയ്‌ക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യ നിഷ്‌ഠതയോടെ പ്രവചിക്കാൻ ഇനി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കാം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരുങ്ങുകയാണ്.

ഇതിനായി മൗസംഗ്രാം പ്ലാറ്റ്‌ഫോം, മിഷൻ മൗസം തുടങ്ങിയ സാങ്കേതികവിദ്യാ അധിഷ്‌ഠിത സംരംഭങ്ങൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. പാർലമെൻ്റ് യോഗത്തിലാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ ഒമ്പത് ടീമുകൾ സജ്ജം

ഏത് അടിയന്തര സാഹചര്യത്തിലും ഉടനടി പ്രതികരിക്കുന്നതിനായി എൻ‌ഡി‌ആർ‌എഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം 105 ടീമുകളെ ബന്ധപ്പെട്ട സംസ്ഥാന അധികാരികളുമായി ഏകോപിപ്പിച്ച് സജ്ജമാക്കിയതായി നിത്യാനന്ദ് റായ് പറഞ്ഞു. ഇതിനായി കേരളത്തിൽ മാത്രം ഒമ്പത് ടീമുകളെയാണ് നിയോഗിക്കുന്നത്.

ജിഐഎസ് അധിഷ്‌ഠിത ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക നിരീക്ഷണ ശൃംഖലയാണിത്. ഇതിലൂടെ കാലാവസ്ഥ വ്യതിയാനങ്ങളുടെ മുന്നറിയിപ്പ് ഉടനടി നൽകുന്നു. വിവരങ്ങള്‍ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ മുഴുവൻ സിസ്റ്റവും ആധുനിക ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

എഐ മുൻകൂട്ടി അപകട സൂചനകൾ നൽകുന്നു

ഉപരിതലം, അന്തരീക്ഷ വായു, റിമോട്ട് സെൻസറിംഗ് നിരീക്ഷണങ്ങൾ, ഉടനടിയുള്ള പ്രവചനങ്ങൾ, അലർട്ടുകൾ എന്നിവ എഐയിലൂടെ ലഭിക്കുന്നു. അന്തരീക്ഷത്തിലുണ്ടാകുന്ന എല്ലാ വ്യതിയാനങ്ങളും എഐ നിരീക്ഷിക്കും. അവ വളരെ നേരത്തെ തന്നെ മുൻകൂട്ടി ജനങ്ങള്‍ക്ക് അപകട സൂചനകൾ നൽകുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രത നിർദേശവും മറ്റ് നടപടികളും ജനങ്ങൾക്കും അധികൃതർക്കും നേരത്തെ എടുക്കാൻ സാധിക്കും. ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അപകട തോത് കുറയ്‌ക്കുന്നു.

കാലാവസ്ഥാ പ്രവചനത്തിലേക്കും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളിലേക്കും എഐ ലയിപ്പിക്കും. അതിനായി ഐഎംഡി ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ വിവിധ കേന്ദ്രങ്ങളുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംയോജിപ്പിച്ചു. ചുഴലിക്കാറ്റുകളുടെ തീവ്രത കണക്കാക്കുന്നതിന് എഐ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്‌ഡ് ഡ്വോറക് ടെക്‌നിക് (എഐഡിടി) സാങ്കേതികതയും നടപ്പിലാക്കി.

ഐഎംഡി യൂറോപ്യൻ സെൻ്റർ ഫോർ മീഡിയം – റേഞ്ച് വെതർ ഫോർകാസ്റ്റസിൽ (ഇസിഎംഡബ്ല്യുഎഫ്) നിന്നുള്ള എഐ/എംഎൽ (മെഷീൻ ലേർണിംഗ്) അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പ്രവചന സംവിധനം ഉപയോഗിക്കുന്നു. പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ നല്‍കാൻ ഭാഷിണി ആപ്പ് ഉപയോഗിച്ച് ബഹുഭാഷാ കാലാവസ്ഥാ പ്രവചനം ഐഎംഡിയിൽ പ്രവർത്തിപ്പിക്കും.

സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സുമായി സഹകരിച്ച് 355 കോടി രൂപയുടെ പദ്ധതിയിൽ കേന്ദ്രം ഭാഗമായി. കോമൺ അലേർട്ടിംഗ് പ്രോട്ടോക്കോൾ (CAP) അടിസ്ഥാനമാക്കിയുള്ള ഇൻ്റഗ്രേറ്റഡ് അലേർട്ട് സിസ്റ്റം (SACHET) എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത് എന്ന് ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

“എല്ലാ പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും അലേർട്ടുകളും പ്രാദേശിക ഭാഷകളിൽ പ്രചരിപ്പിക്കാൻ ഇത് സഹായിക്കുന്നു” അദ്ദേഹം പറഞ്ഞു. പ്രളയ മുന്നറിയിപ്പിനായി AI, ML അധിഷ്ഠിത സംവിധാനങ്ങളുടെ ഉപയോഗം കേന്ദ്ര ജല കമ്മീഷനിൽ അടുത്തിടെ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.