ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം

single-img
18 November 2022

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‍ര്‍ട്ടപ്പിന്റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ആറ് മീറ്റ‌ര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്. പരമാവധി 81.5 മീറ്റയ‍ര്‍ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പക്ഷേ പ്രാരംഭ് എന്ന് പേരിട്ട ഈ ദൗത്യം ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്.

ഒരു സ്വകാര്യ കമ്ബനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണിതെന്നതാണ് പ്രത്യേകത. വെറും നാല് വ‍ര്‍ഷം മുമ്ബാണ് സ്കൈറൂട്ട് എന്ന സ്റ്റാ‍ര്‍ട്ടപ്പിന് ഹൈദരാബാദില്‍ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങള്‍ നി‌ര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ കമ്ബനി. വിക്രം എസ് എന്ന ഈ സൗണ്ടിംഗ് റോക്കറ്റ് അവ‍ര്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷയാണ്. ഇവിടെ ജയിച്ചാല്‍ അടുത്ത വ‍ര്‍ഷം കൂടുതല്‍ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 കമ്ബനി രംഗത്തിറക്കും.

സ്കൈറൂട്ടിലൂടെ റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഐഎസ്‌ആര്‍ഒയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ മേഖലയിലേക്ക് മാറ്റി, ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. സ്വകാര്യ മേഖലയ്ക്കും ഇസ്രൊയ്ക്കും മധ്യേ പാലമായി പ്രവ‌ര്‍ത്തിക്കുന്ന ഇന്‍സ്പേസ് ആണ് വിക്ഷേപണത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നത്. റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്‌ആര്‍ഒ നല്‍കും. ഇന്‍സ്പേസ് ചെയ‍ര്‍മാന്‍ പവന്‍ ഗോയങ്ക, ഇസ്രൊ ചെയ‌ര്‍മാന്‍ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവ‍ര്‍ വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്.