അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍

single-img
22 November 2022

അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞ സംഭവത്തെ തുടർന്ന് മേഘാലയിലെ ഏഴു ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. അസം – മേഘാലയ അതിർത്തിയിലെ മുക്രോയിൽ വെടിവെയ്പ്പ് ഉണ്ടാവുകയും ആറു പേർ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് മേഖലയിൽ നിന്നുള്ള വിവരം. മുറിച്ച മരങ്ങൾ കയറ്റിയ ഒരു ട്രക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അസം വനം വകുപ്പാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥർ വെടിവെച്ചു. തുടർന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചിലർ ഓടി രക്ഷപ്പെട്ടു. അഞ്ച് മണിയോടെ ഒരു വലിയ ആൾക്കൂട്ടം സംഘടിച്ച് സ്ഥലത്തെത്തി. ഇവർ മേഘാലയയിൽ നിന്നുള്ളവരായിരുന്നു. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ അസം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവെയ്പ്പും സംഘർഷവും ഉണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം ആറു പേർ കൊല്ലപ്പെട്ടത്.

വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തി. സ്ഥിതിഗതി ഇപ്പോൾ നിയന്ത്രണ വിധേയമാണ്. ബിദ്യാസിങ് ലഖ്തെ എന്നാണ് കൊല്ലപ്പെട്ട അസം വനം വകുപ്പ് ഹോം ഗാർഡിന്റെ പേര്. ഇദ്ദേഹം കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമല്ല.

കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും പ്രദേശത്തെ ഖാസി സമുദായ അംഗങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. വനമേഖലയ്ക്ക് അകത്തുള്ള ഒരിടത്ത് വെച്ചാണ് സംഭവം നടന്നത്. തുടര്‍ന്നാണ് മേഘാലയ സർക്കാർ ഉത്തരവ് പുറത്തിറക്കിയത്