മഞ്ചേശ്വരത്ത് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു

single-img
2 February 2026

കാസർകോട് മഞ്ചേശ്വരത്ത് പതിനെട്ടുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്നിന് അടിമയായ പ്രതി വൈകിട്ട് വീട്ടിൽ വെച്ച് മകളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടിയുടെ മാതാവും വീട്ടിലുണ്ടായിരുന്നു.

വിദേശത്തായിരുന്ന ഉമർ ഫാറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗത്തെ ചൊല്ലി ഇയാൾ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്നും നിരവധി കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ വിവാഹമോചനത്തിന്റെ വക്കിൽ വരെ എത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.