എന്റെ വാക്ക് പിഴ; ‘സിജെപി ആർഎസ്എസിന്റെ പദ്ധതിയെന്ന’ പരാമർശം തിരുത്തി പി. സരിൻ; ഖേദം പ്രകടിപ്പിച്ചു

single-img
13 October 2026

സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന വിവാദ പരാമർശം തിരുത്തി സിപിഎം നേതാവ് പി. സരിൻ. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ നടത്തിയ പ്രസ്താവന പാർട്ടിയുടെ നിലപാടല്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വാക്കുപിഴവാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പരാമർശത്തിൽ നിർവ്യാജമായ ഖേദവും സരിൻ പ്രകടിപ്പിച്ചു.

സംഘപരിവാറിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഡൽഹിയിൽ നടന്ന മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെക്കുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് സരിൻ പറഞ്ഞു. എന്നാൽ മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് ആശയവിനിമയം ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

‘സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്’ എന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാൻ അവസരം നൽകുന്ന രീതിയിൽ സിജെപി തന്നെ പ്രവർത്തിക്കരുത് എന്ന് പറയാനായിരുന്നു ഉദ്ദേശിച്ചതെന്നും സരിൻ കുറിച്ചു. എന്നാൽ, തന്റെ വാക്കുകൾ തെറ്റായ സന്ദേശമാണ് നൽകിയതെന്ന് അദ്ദേഹം സമ്മതിച്ചു.

പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും രാഷ്ട്രീയ പരിപാടികളോടും നീതിപുലർത്തുന്ന പ്രസ്താവനയല്ല തന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അച്ചടക്കമുള്ള പാർട്ടി അംഗമെന്ന നിലയിൽ പിഴവ് തിരിച്ചറിയുന്നുവെന്നും സരിൻ വ്യക്തമാക്കി.

ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന യുവജന പ്രസ്ഥാനമാണ് സിജെപിയെന്നും അതിനെക്കുറിച്ച് നിരുത്തരവാദപരമായ രാഷ്ട്രീയ പ്രസ്താവന നടത്തിയത് അനുചിതമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റ് ചൂണ്ടിക്കാട്ടിയ പാർട്ടി സഖാക്കൾക്ക് നന്ദി അറിയിച്ച സരിൻ, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെട്ട എല്ലാവർക്കും അഭിവാദ്യങ്ങളും നേർന്നു.