പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാർ: പ്രധാനമന്ത്രി

single-img
9 January 2023

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം .

ഇന്ത്യയിൽ നിന്നുള്ള പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അവർ വഹിക്കുന്ന പങ്ക് വളരെ വ്യത്യസ്തമാണ്. ഇനിവരുന്ന 25 വര്‍ഷത്തെ അമൃത ദിനങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുന്ന ഘട്ടത്തില്‍ ഈ യാത്രയില്‍ നമ്മുടെ പ്രവാസികള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

അതീവ വൈദഗ്ധ്യമുള്ള ഇടം മാത്രമല്ല, ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള സാധ്യത കൂടി ഇന്ത്യയ്ക്കുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് കഴിവും ജോലിയോടുള്ള പ്രതിബദ്ധതയും ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈദഗ്ധ്യം ലോകത്തിന്റെ തന്നെ വളര്‍ച്ചാ സൂചകമാണ്.

ലോകം ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ഉറ്റുനോക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്നു. ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയരും ഇന്ത്യയാണ്. നയതന്ത്ര പരിപാടിയല്ല, ജനപങ്കാളിത്തമുള്ള പരിപാടിയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.