ഈ തലമുറയ്ക്കുൾപ്പെടെ എല്ലാവർക്കും രാഷ്ട്രീയം വേണം; നമ്മളെ ബാധിക്കുന്നില്ല എന്നുപറഞ്ഞ് ഒരിക്കലും മാറിനിൽക്കരുത്: ദിയ പുളിക്കണ്ടം

ജെൻസി തലമുറയ്ക്ക് വ്യക്തമായ രാഷ്ട്രീയബോധ്യം അനിവാര്യമാണെന്ന് പാലാ നഗരസഭയുടെ നിയുക്ത ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം പറഞ്ഞു. രാഷ്ട്രീയം നമ്മുടെ നിത്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്നുണ്ടെന്നും, അതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണമെന്നും അവർ വ്യക്തമാക്കി.
പാലാ നഗരസഭയുടെ സമഗ്ര വികസനമാണ് തന്റെ പ്രധാന ലക്ഷ്യമെന്നും, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുകയെന്നും ദിയ പറഞ്ഞു. യുവതലമുറയുടെ പങ്കാളിത്തം ഭരണത്തിൽ കൂടുതൽ ശക്തമാക്കുമെന്നും അവർ പറഞ്ഞു .
‘ഈ തലമുറയ്ക്കുൾപ്പെടെ എല്ലാവർക്കും രാഷ്ട്രീയം വേണം. നമ്മളെ ബാധിക്കുന്നില്ല എന്നുപറഞ്ഞ് ഒരിക്കലും മാറിനിൽക്കരുത്. നിലപാടില്ല എങ്കിൽ പോലും നമ്മളെ രാഷ്ട്രീയം ബാധിക്കുന്നുണ്ട് എന്ന് മനസിലാക്കണം. ജെൻസിയുടെ ചിന്താഗതി മാറിയിട്ടുണ്ടാകാം. പക്ഷെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. ദാരിദ്ര്യം ഉണ്ടാകാതെയിരിക്കുക, കുടിവെള്ള വിതരണം, റോഡ് നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നൽ നൽകുക’; ദിയ പുളിക്കക്കണ്ടം പറഞ്ഞു. പരിചയസമ്പത്തുള്ളവർ കൂടെയുണ്ട് എന്നത് വലിയ ധൈര്യമാണെന്നും പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.


