വിരമിക്കൽ പ്രായം; അദ്വാനിക്ക് ബാധകമായ നിയമം മോദിക്ക് ബാധകമല്ലെന്ന കാര്യം അംഗീകരിച്ചോ; മോഹൻ ഭാഗവതിനോട് കെജ്‌രിവാള്‍

single-img
22 September 2024

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി കൺവീനർ അരവിന്ദ് കെജ്‌രിവാള്‍. മോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍ അഞ്ച് ചോദ്യങ്ങളാണ് സംഘടനക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അമ്മയോടും വലിയ ഭാവം കാട്ടുന്ന തരത്തില്‍ മകന്‍ വളര്‍ന്നോ? എന്ന് ആര്‍എസ്എസിനോട് ചോദിച്ച കെജ്‌രിവാള്‍ സംഘടനാ മേധാവി മോഹന്‍ ഭാഗവത് തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു .

രാജ്യത്തെ വിവിധ പ്രതിപക്ഷ സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി അട്ടിമറിക്കുന്നതിനും അഴിമതി നിറഞ്ഞ നേതാക്കളെ സ്വന്തം പാർട്ടിയിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നതുമായ ബിജെപിയുടെ പുതിയകാല രാഷ്ട്രീയത്തിന് ആര്‍എസ്എസ് അനുമതിയുണ്ടോ എന്നതായിരുന്നു കെജ് രിവാളിന്റെ ആദ്യ ചോദ്യങ്ങള്‍.

ഡൽഹിയുടെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ജന്തര്‍മന്ദിറില്‍ നടത്തിയ ജനതാ കി അദാലത്തെന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹം ആർ എസ് എസിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. വിവിധ പാർട്ടികളിലെ രാഷ്ട്രീയക്കാരെ അഴിമതിക്കാര്‍ എന്ന വിളിക്കുകയും പിന്നെ അവരെ തന്നെ സ്വന്തം പിടിയിലൊതുക്കുകയും ചെയ്യുന്നതിന് ഭാഗവതിന്റെ പിന്തുണയുണ്ടോയെന്നും ചോദിച്ച മുന്‍മുഖ്യമന്ത്രി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പാര്‍ട്ടിക്ക് ആര്‍എസ്എസിന്റെ ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ എന്താണ് തോന്നിയതെന്നും ചോദിച്ചു.

ആര്‍എസ്എസും ബിജെപിയും അവരുടെ ഓരോ നേതാവും 75 വയസാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്നാണ് നിയമം പറയുന്നത് . ഈ നിയമത്തിന് കീഴില്‍ മുൻ കാലങ്ങളിൽ എല്‍ കെ അഡ്വാനി, മുര്‍ളി മനോഹര്‍ ജോഷി, കല്‍രാജ് മിശ്ര തുടങ്ങിയവര്‍ റിട്ടയര്‍ ചെയ്തു.

ഇപ്പോള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പറയുന്നു, ആ നിയമം മോദിക്ക് ബാധകമല്ലെന്ന്. അപ്പോള്‍ താങ്കള്‍ അഡ്വാനിക്ക് ബാധകമായ നിയമം മോദിക്ക് ബാധകമല്ലെന്ന കാര്യം അംഗീകരിച്ചോ എന്നും ഭാഗവതിനോട് കെജ്‌രിവാള്‍ ചോദിക്കുന്നു.